ധനസഹായം നല്‍കിയത് കൊണ്ട് മാത്രം കെ എസ് ആര്‍ ടി സി രക്ഷപ്പെടില്ലെന്ന് തോമസ് ഐസക്
ഈ വര്‍ഷം തന്നെ 1500 കോടി രൂപ ധനസഹായം കെഎസ്ആര്‍ടിസിക്ക് നല്‍കിയിട്ടുണ്ട്
കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ കൈവിട്ടെന്ന രീതിയില്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയെന്ന റിപ്പോര്‍ട്ടുകളെ തള്ളി ധനമന്ത്രി ഡോ. തോമസ് ഐസക്. ഈ വര്‍ഷം 630 കോടി രൂപ നല്‍കിയെന്നും തുടര്‍ന്നും സഹായിക്കുമെന്നും ഐസക് പറഞ്ഞു. അതേ സമയം സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് എഐടിയുസി ആവശ്യപ്പെട്ടു.
ഹൈക്കോടതിയിലെ സത്യവാങ്മൂലം സംബന്ധിച്ചു വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നാണ് ധനമന്ത്രിയുടെ വാദം. കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ ധനസഹായം ഈ വര്‍ഷം നല്‍കി. അടുത്ത വര്‍ഷങ്ങളിലും നല്‍കും. രണ്ട് വര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസി യെ നഷ്ടത്തില്‍ നിന്ന് രക്ഷപ്പെടുത്തുമെന്നും തോമസ് ഐസക് പറഞ്ഞു.
എന്നാല്‍ അഞ്ചു മാസമായി പെന്‍ഷന്‍ കിട്ടാത്ത വിരമിച്ച ജീവനക്കാരും ശമ്പളം സമയത്ത് കിട്ടാത്ത നിലവിലെ ജീവനക്കാരും സത്യവാങ്മൂലത്തോടെ കടുത്ത അരക്ഷിതാവസ്ഥയിലായി. ഭരണകക്ഷിയായ സിപിഐയുടെ തൊഴിലാളി യൂണിയന്‍ തന്നെ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുവന്നു. അതേസമയം കഴിഞ്ഞ ദിവസം 70 കോടി അനുവദിച്ചത് പോലെ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ സഹായിക്കുമെന്ന വിശ്വാസത്തിലാണ് സിഐടിയു യൂണിയന്‍.