കല്ലട ജലസേചന പദ്ധതി അഴിമതി: എഞ്ചിനിയര്‍മാര്‍ക്ക് അഞ്ച് വര്‍ഷം തടവ്
അഞ്ച് വര്‍ഷം തടവും രണ്ട് ലക്ഷം പിഴയുമാണ് ശിക്ഷ
കല്ലട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയിൽ മുൻ എഞ്ചിനീയർമാര്‍ ഉൾപ്പെടെ നാല് പേർക്ക് 5 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടേതാണ് വിധി. പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചില്ല.
കല്ലട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് വലതുകര കനാലിന്റെ നിർമ്മാണത്തിലെ അഴിമതിയിലാണ് നാല് പ്രതികൾക്കും കോടതി ശിക്ഷ പ്രഖ്യാപിച്ചത്. പ്രതികളായ ജലസേചന വകുപ്പ് മുൻ സൂപ്രണ്ടിംഗ് എഞ്ചിനീയർ ഗണേശൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ വിശ്വനാഥൻ ആചാരി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ രാജഗോപാലൻ, കോൺട്രാക്ടർ കെ മോഹനൻ എന്നിവർക്ക് 5 വർഷം കഠിന തടവും ഒരു ലക്ഷം രൂപയും തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ശിക്ഷി വിധിച്ചത്.
കല്ലട പദ്ധതിയിൽ ഉൾപ്പെടുന്ന വലതുകര കനാലിന്റെ നിർമ്മാണത്തിലെ അഴിമതിയാണ് കേസിനാധാരം. കനാൽ നിർമ്മാണം നടത്താതെ വ്യാജ രേഖകളും ബില്ലുകളും ചമച്ച് പ്രതികൾ ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. കല്ലട പദ്ധതിയുമായി ബന്ധപ്പെട്ട കേസുകളിൽ ഇതാദ്യമായാണ് ഇത്ര കടുത്ത ശിക്ഷ കോടതി വിധിയ്ക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി സി സി അഗസ്റ്റിൻ ഹാജരായി. പ്രതികളുടെ പ്രായം കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം അഭിഭാഷൻ ആവശ്യപ്പെട്ടെങ്കിലും ജഡ്ജി എ ബദറുദ്ദീൻ ആവശ്യം തള്ളി.