റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്
ഭക്ഷ്യ സുരക്ഷാനിയമം നടപ്പാക്കുന്നതിന്‍റെ ഭാഗമായി റേഷന്‍ വ്യാപാരികളെ പ്രയാസപ്പെടുത്തുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം
നവംബര്‍ ഒന്നാം തിയ്യതി മുതല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരം തുടങ്ങും. ഭക്ഷ്യ സുരക്ഷാനിയമം നടപ്പാക്കുന്നതിന്‍റെ ഭാഗമായി റേഷന്‍ വ്യാപാരികളെ പ്രയാസപ്പെടുത്തുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. ബിപിഎല്‍ പട്ടികയിലുളളവരുടെ കാര്‍ഡുകള്‍ സീല്‍ ചെയ്യുന്ന പ്രവര്‍ത്തനവും ഇന്ന് മുതല്‍ നിര്‍ത്തിവെക്കും.
ഭക്ഷ്യ സുരക്ഷ നിയമപ്രകാരം റേഷന്‍ സാധനങ്ങള്‍ വീടുകളിലെത്തിക്കണമെന്ന നിബന്ധന പ്രയോഗികമല്ലെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. ഈ നിബന്ധന പിന്‍വലിച്ചില്ലെങ്കില്‍ അനിശ്ചിതകാല കടയടപ്പ് സമരം തുടങ്ങും. റേഷന്‍ വ്യാപാരികള്‍ക്കുളള വേതനം പുതുക്കി നല്‍കണമെന്നും ഇവര്‍ ആവശ്യപെടുന്നു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്‍ഡുകള്‍ വാങ്ങി സീല്‍ ചെയ്യേണ്ടത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ നിര്‍ത്തിവെക്കും. ഇതോടെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ താളംതെറ്റും. റേഷന്‍ കാര്‍ഡുകള്‍ പുതുതായി നല്‍കുന്നതില്‍ വലിയ അശാസ്ത്രീയത നിലനില്‍ക്കുന്നതായും വ്യാപാരികള്‍ ആരോപിക്കുന്നു.
റേഷന്‍ വ്യാപാരികളുടെ സമരം സംസ്ഥാനത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. ശാസ്ത്രീയമായ രീതിയില്‍ ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതിനെ തങ്ങള്‍ അനുകൂലിക്കുന്നതായും വ്യാപാരികള്‍ പറഞ്ഞു.