മീഡിയവണ്‍ സംഘത്തിന് മര്‍ദനം
കാമറ പിടിച്ചു വാങ്ങി കാമറാമാന്‍ അരുണിനെ ക്രൂരമായി മര്‍ദിച്ചു
കൊല്ലം ചാത്തന്നൂരില്‍ മീഡിയവണ്‍ സംഘത്തെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ചു. ചാത്തന്നൂര്‍ ഡിപ്പോയിലെ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് സിഐടിയു സമ്മേളനത്തിന് പോയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനാണ് ആക്രമണം. കാമറാമാന്‍ അരുണ്‍ മോഹനെ സിഐടിയു നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് വളഞ്ഞിട്ട് തല്ലി. മീഡിയവണിന് വിവരം നല്‍കിയെന്ന പേരില്‍ പൊതുപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി.
ചാത്തന്നൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ സിഐടിയു പ്രവര്‍ത്തകരാണ് മീഡിയവണ്‍ വാര്‍ത്താസംഘത്തെ ആക്രമിച്ചത്. സമ്മേളനത്തിനെന്ന പേരില്‍ ഇവര്‍ കൂട്ട അവധിയെടുത്തതോടെ ഡിപ്പോയിലെ 30ഓളം സര്‍വ്വീസ് മുടങ്ങി. ഈ വാര്‍ത്ത ചിത്രീകരിക്കുന്നതിനിടെയായിരുന്നു അക്രമം. കാമറാമാന്‍ അരുണ്‍ മോഹനെ സിഐടിയു നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് വളഞ്ഞിട്ട് തല്ലി. കാമറ തല്ലിത്തകര്‍ത്തു. ഡ്രൈവറെയും റിപ്പോര്‍ട്ടര്‍ ശ്യാം ആര്‍ ബാബുവിനെയും കൈയേറ്റം ചെയ്തു. ഒന്നര മണിക്കൂറോളം സിഐടിയു പ്രവര്‍ത്തകര്‍ ചാത്തന്നൂര്‍ നഗരത്തില്‍ അക്രമം നടത്തി. മീഡിയവണിന് വിവരം നല്‍കിയെന്ന പേരില്‍ പൊതുപ്രവര്‍ത്തകരെയും സിഐടിയു പ്രവര്‍ത്തകര്‍ ആക്രമിച്ചു. കാമറമാന്‍ അരുണ്‍മോഹനും പൊതുപ്രവര്‍ത്തകനായ സുനിലും അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തില്‍ KUWJ കൊല്ലം ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു.
മീഡിയവണ്‍ കാമറാമാനെ മര്‍ദിച്ച ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ചാത്തന്നൂരിലെ സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇതേകുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു