വയനാട്ടില്‍ പ്ലാസ്റ്റിക് നിരോധം
ക്യാരി ബാഗുകള്‍, പ്ലെയിറ്റുകള്‍, ഗ്ലാസുകള്‍ എന്നിവ ഉത്തരവിന്റെ പരിധിയില്‍പെടും. ഒക്ടോബര്‍ രണ്ടു മുതല്‍ പ്രാബല്യത്തില്‍ വരും
വയനാട്ടില്‍ പ്ളാസ്റ്റിക് നിരോധിച്ചുകൊണ്ട് കലക്ടര്‍ കേശവേന്ദ്രകുമാര്‍ ഉത്തരവിറക്കി. ഒക്ടോബര്‍ രണ്ടു മുതലാണ് നിരോധം പ്രാബല്യത്തില്‍ വരിക. കൂടാതെ, കൊളഗപ്പാറ, ഫാന്റം റോക്ക്, ആറാട്ടു പാറ എന്നിവിടങ്ങളിലെയും പരിസര പ്രദേശങ്ങളിലെയും ഖനനവും നിരോധിച്ചിട്ടുണ്ട്. നിശ്ചിത മൈക്രോണില്‍ താഴെയുള്ള പ്ളാസ്റ്റിക് കാരി ബാഗുകളുടെ നിരോധം വയനാട്ടില്‍ നിലവിലുണ്ട്. ഇതിനു പുറമെയാണ് പ്ളാസ്റ്റിക് കാരിബാഗുകള്‍, പ്ളേറ്റുകള്‍, ഗ്ളാസുകള്‍ എന്നിവ പൂര്‍ണമായും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയിട്ടുള്ളത്. ഒക്ടോബര്‍ രണ്ടിനു മുന്‍പായി ജില്ലയില്‍ നിലവിലുള്ള പ്ളാസ്റ്റിക് കാരിബാഗുകള്‍ അടക്കമുള്ളവ പൂര്‍ണമായും ഒഴിവാക്കണം.
ഇതിനു പുറമെ ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള ആറാട്ടുപാറ, ഫാന്റം റോക്ക്, കൊളഗപ്പാറ എന്നിവിടങ്ങളിലെ ഖനനം നിരോധിച്ചുകൊണ്ടും ഉത്തരവുണ്ട്. പ്രദേശത്തെ ക്വാറികള്‍ കാരണം ഈ കേന്ദ്രങ്ങള്‍ ഭീഷണി നേരിടുന്നുവെന്ന പരാതി ഏറെ കാലമായി നില്‍ക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ്. ഉടനടി നടപ്പാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ഖനന നിരോധ ഉത്തരവ് ഇറക്കിയിട്ടുള്ളത്. നിരോധം വരുന്പോള്‍, അന്പലവയല്‍ പഞ്ചായത്തിലെ ക്വാറികള്‍ പൂര്‍ണമായും നിര്‍ത്തുന്ന രീതിയിലാവും.
സ്ഥാനമൊഴിയുന്നതിനു മുന്‍പ് പ്ളാസ്റ്റിക് നിരോധവും ഖനന നിരോധവും ഉള്‍പ്പെടുത്തി, നാല് ഉത്തരവുകളാണ് കലക്ടര്‍ ഇറക്കിയത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന അധികാരം ഉപയോഗിച്ചാണ് ഖനനം നിര്‍ത്താന്‍ ഉത്തരവിറക്കിയത്.