പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു; എംഎല്‍എമാരുടെ നിരാഹാരം ഏഴാം ദിവസത്തില്‍
നിരാഹരമിരിക്കുന്ന ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ എന്നിവരുടെ ആരോഗ്യസ്ഥിതി മോശമായി തുടരുകയാണ്
സ്വാശ്രയപ്രശ്നത്തില്‍ പ്രതിപക്ഷം ഇന്നും സഭ ബഹിഷ്കരിച്ചു. സ്വാശ്രയ മാനേജ്മെന്‍റുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത് സ്വാഗതാര്‍ഹമാണെങ്കിലും എംഎല്‍എമാര്‍ നിരാഹാരം സമരം തുടരുമ്പോള്‍ സഭാ നടപടികളുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നിലപാടെടുത്തു. പ്രതിപക്ഷത്തോട് അനുഭാവം പ്രകടിപ്പിച്ച കെ എം മാണി അടിയന്തര പ്രമേയത്തിന് നല്‍കിയ നോട്ടീസ് പിന്‍വലിച്ചു. ചോദ്യോത്തരവേള തുടങ്ങിയതോടെ തന്നെ പ്രതിപക്ഷം തങ്ങളുടെ നിലപാട് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് നിയമസഭക്ക് പുറത്തേക്ക് പോയി. പ്രശ്നത്തില്‍ സമവായ സാധ്യത മുന്നിലുള്ളതിനാല്‍ സഭ തടസപ്പെടുത്തുന്ന രീതിയിലേക്ക് പ്രതിപക്ഷം പോയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ സമരത്തോട് അനുഭാവം പ്രകടിച്ച കെ എം മാണി ഇന്ന് അടിയന്തര പ്രമേയ നോട്ടീസ് പിന്‍വലിച്ചാണ് പിന്തുണ പ്രഖ്യാപിച്ചത്. റബര്‍കര്‍ഷകരുടെ പ്രതിസന്ധിയായിരുന്നു വിഷയം. നോട്ടീസ് പിന്‍വലിച്ചതിനെ സ്പീക്കറും മന്ത്രി എ കെ ബാലനും വിമര്‍ശിച്ചു.
അതിനിടെ പ്രതിപക്ഷ അംഗങ്ങളുടെ നിരാഹാര സമരം ഇന്ന് ഏഴാം ദിവസത്തേക്ക് കടുന്നു. നിരാഹാരമിരിക്കുന്ന ഷാഫി പറമ്പിലിനെയും ഹൈബി ഈഡനെയും കാണാന്‍ ഇന്ന് ഭരണപക്ഷത്തെ അംഗങ്ങളുമെത്തി. ധനമന്ത്രി ഡോ. തോമസ് ഐസക്, എംഎല്‍എമാരായ പ്രതിഭാഹരി, ഐഷാപോറ്റി എന്നിവര്‍ സമരക്കാരെ സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാക്കളും കെപിസിസി പ്രസിഡന്‍റ് വി എം സുധീരനും സമരക്കാരുമായി സമയം ചെലവഴിച്ചു.