ബാബു ഭരദ്വാജിന്റെ സംസ്കാരം ഇന്ന്
അന്തരിച്ച പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാബു ഭരദ്വാജിന്റെ സംസ്കാരം ഇന്ന്. കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ ഇന്ന് ഉച്ചയ്ക്കാണ് സംസ്കാരം.
അന്തരിച്ച പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാബു ഭരദ്വാജിന്റെ സംസ്കാരം ഇന്ന്. കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ ഇന്ന് ഉച്ചയ്ക്കാണ് സംസ്കാരം. രാവിലെ പത്തുമുതല്‍ മലാപ്പറമ്പിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചു. നിരവധി പേരാണ് ബാബുവേട്ടന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് പൊതുദര്‍ശനം.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ബാബു ഭരദ്വാജിന്റെ മൃതദേഹം പത്തുമണിയോടെ മലാപ്പറമ്പിലുള്ള വസതിയില്‍ എത്തിക്കും. മകള്‍ ഗ്രീഷ്മ അമേരിക്കയില്‍ നിന്നും എത്തേണ്ടതിനാലാണ് സംസ്കാരം ഇന്ന് നടത്താന്‍ തീരുമാനിച്ചത്. സുഹൃത്തുക്കളുടെ വലിയൊരു നിരതന്നെ ബാബു ഭരദ്വാജിനുണ്ടായിരുന്നു. വിയോഗവാര്‍ത്ത അറിഞ്ഞെത്തിയവര്‍ മുഴുവന്‍ അദ്ദേഹത്തെ അവസാനമായി കാണാനുള്ള കാത്തിരിപ്പിലായിരുന്നു. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ പൊതു ദര്‍ശനത്തിന് വെച്ച ശേഷം മാവൂര്‍ റോഡ് ശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കും.
ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബാബു ഭരദ്വാജിന്റെ അന്ത്യം. വൃക്കസംബന്ധവും ഹൃദയസംബന്ധവുമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. എംആര്‍ വിജയരാഘവന്റെയും കെപി ഭവാനിയുടെയും മകനായി 1948ല്‍ തൃശൂര്‍ ജില്ലയിലെ മതിലകത്താണ് ബാബു ഭരദ്വാജിന്റെ ജനനം. എഴുത്തിലും മാധ്യമപ്രവര്‍ത്തനത്തിലും സ്വന്തം പാത വെട്ടിത്തെളിച്ചയാളാണ് ബാബു ഭരദ്വാജ്. കൃത്യമായ രാഷ്ട്രീയ നിലപാടുകളുള്ള സാംസ്കാരിക പ്രവര്‍ത്തകനെയും പ്രവാസികളുടെ സ്വന്തം എഴുത്തുകാരനെയുമാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ കേരളത്തിന് നഷ്ടമായത്.