സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യത തള്ളാതെ അടൂര്‍ പ്രകാശ്
ഹൈകമാന്‍ഡ് സീറ്റ് നിഷേധിച്ചാല്‍ സ്വതന്ത്രനായി മത്സരിക്കുമോയെന്ന ചോദ്യത്തിന് കോന്നിയിലെ ജനങ്ങളില്‍ നിന്ന് സമ്മര്‍ദമുണ്ടെന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ മറുപടി
കോന്നിയില്‍ മത്സരിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി അടൂര്‍ പ്രകാശ്. എല്ലാം ചെയ്തത് മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണെന്നും തെറ്റുണ്ടെങ്കില്‍ മുഖ്യമന്ത്രി തിരുത്തുയേനെയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഹൈകമാന്‍ഡ് സീറ്റ് നിഷേധിച്ചാല്‍ സ്വതന്ത്രനായി മത്സരിക്കുമോയെന്ന ചോദ്യത്തിന് കോന്നിയിലെ ജനങ്ങളില്‍ നിന്ന് സമ്മര്‍ദമുണ്ടെന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ മറുപടി.
എഐസിസി തീരുമാനം അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു കോന്നി സീറ്റിലെ തര്‍ക്കങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ പ്രതികരണം. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു. ഇക്കാര്യത്തില്‍ ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി തന്നെ പിന്തുണയ്ക്കുന്നത്. തന്നെ ഏല്‍പിച്ച കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചിണ്ടുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
അതേസമയം സീറ്റ് നിഷേധിച്ചാല്‍ കോന്നിയില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യത അടൂര്‍ പ്രകാശ് തള്ളിക്കളഞ്ഞില്ല. തെറ്റുകളുണ്ടാവുന്നത് സ്വാഭാവികമാണ്. ഏതെങ്കിലും തെറ്റായ തീരുമാനങ്ങളുണ്ടായാല്‍ അത് ചൂണ്ടിക്കാണിക്കുമ്പോള്‍ തിരുത്തുന്ന സമീപനമാണ് താന്‍ സ്വീകരിച്ചിട്ടുള്ളത്. ഹൈകമാന്‍ഡ് തീരുമാനം എത്തിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ പ്രതികരിക്കാമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.