മാപ്പ് പറയാന്‍ ആവശ്യപ്പെട്ട എംപിക്ക് കുന്നംകുളത്തിന്റെ 'മാപ്പു'  കൊണ്ട് കളക്ടറുടെ മറുപടി!

Update: 2018-05-07 18:06 GMT
മാപ്പ് പറയാന്‍ ആവശ്യപ്പെട്ട എംപിക്ക് കുന്നംകുളത്തിന്റെ 'മാപ്പു'  കൊണ്ട് കളക്ടറുടെ മറുപടി!
Advertising

സോഷ്യല്‍മീഡിയയില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന ആരോപണവുമായി എംകെ രാഘവന്‍ എംപി കഴിഞ്ഞ ദിവസമാണ് വാര്‍ത്താസമ്മേളനം നടത്തിയത്. ഇതിന് മറുപടിയായാണ് കളക്ടര്‍ എന്‍ പ്രശാന്ത് കുന്നംകുളത്തിന്റെ മാപ്പ് സ്വന്തം ഫേസ്ബുക്ക് പേജില്‍ ഇട്ടത്.

എംപിഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന ആരോപണവുമായി എംകെ രാഘവന്‍ എംപി കഴിഞ്ഞ ദിവസമാണ് വാര്‍ത്താസമ്മേളനം നടത്തിയത്. കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറയണമെന്നും എംകെ രാഘവന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് കളക്ടര്‍ എന്‍ പ്രശാന്ത് കുന്നംകുളത്തിന്റെ മാപ്പ് സ്വന്തം ഫേസ്ബുക്ക് പേജില്‍ ഇട്ടത്.

തന്റെ വികസനപദ്ധതികള്‍ക്ക് ജില്ലാകലക്ടര്‍ തടസ്സം നില്‍ക്കുന്നതായ ആരോപണവുമായാണ് എംകെ രാഘവന്‍ എംപി രംഗത്തെത്തിയത്. കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെപദ്ധതി അവലോകന യോഗത്തിലായിരുന്നു എം കെ രാഘവന്റെ വിമര്‍ശം. എംപി ഫണ്ടില്‍ നിന്നുളള വികസന പദ്ധതികളില്‍ കാലതാമസം വരുത്തുന്ന നടപടിയാണ് ജില്ലാഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നായിരുന്നു എംപിയുടെ വിമര്‍ശം. 2016 ഏപ്രില്‍ മുതല്‍ ഒന്നരകോടി രൂപയുടെ 35 പ്രവര്‍ത്തികളുടെ ബില്‍ റീ ഇന്‍സ്‌പെക്ഷന്റെ പേരില്‍ കാലതാമസം വരുത്തുകയാണെന്ന് എം പി ആരോപിക്കുന്നു.

അതേ സമയം ആരുടെയും സമ്മര്‍ദ്ദത്തിനോ ഭീഷണിക്കോ വഴങ്ങി കാര്യങ്ങള്‍ ചെയ്യുന്ന സാഹചര്യമുണ്ടാവില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് അറിയിച്ചു.സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള പണം ജനങ്ങളുടേതാണ്. അത് ചെലവാക്കാന്‍ എല്ലാവര്‍ക്കും ബാധകമായ മാനദണ്ഡങ്ങളുണ്ട്. പരിശോധനകള്‍ക്ക് വിധേയമായി മാത്രം കരാറുകാര്‍ക്ക് ഫണ്ട് അനുവദിച്ചാല്‍ മതിയെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നുമായിരുന്നു ഇത് സംബന്ധിച്ച് കലക്ടര്‍ അറിയിച്ചത്.

ഇതിന് പിന്നാലെയാണ് തനിക്കെതിരെ അപവാദ പ്രചരണം നടത്തുന്ന കോഴിക്കോട് ജില്ല കലക്ടര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് എം കെ രാഘവന്‍ എം പി വാര്‍ത്താ സമ്മേളനം നടത്തിയത്. ഒരു ജനപ്രതിനിധിയോട് കാണിക്കേണ്ട മര്യാദ കലക്ടര്‍ കാണിച്ചിട്ടില്ലെന്നും ഇക്കാര്യം ബന്ധപ്പെട്ട പാര്‍ലിമെന്റ് സമിതിയെ അറിയിക്കുമെന്നും എം കെ രാഘവന്‍ പറഞ്ഞു.

 

മാനാഞ്ചിറ വെള്ളിമാട് കുന്ന് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് കലക്ടറെ മുന്‍പൊരിക്കല്‍ താന്‍ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന്റെ പകപോക്കലാണ് കലക്ടര്‍ ഇപ്പോള്‍ ചെയ്യുന്നതെന്ന് സംശയിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലല്ല സമൂഹ മധ്യത്തിലാണ് താന്‍ ജീവിക്കുന്നതെന്നും എം കെ രാഘവന്‍ പറഞ്ഞു. മുന്‍ കാലങ്ങളില്‍ പ്രാദേശിക വികസന ഫണ്ട് നൂറ് ശതമാനം വിനിയോഗിച്ച എംപിയായിരുന്നു താനെന്നും എന്നാല്‍ കലക്ടറുടെ നിലപാട് മൂലം ഫണ്ട്വിനയോഗത്തില്‍ തടസ്സമുണ്ടായതായും എം കെ രാഘവന്‍ പറഞ്ഞു.

എം പി ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ പദ്ധതികള്‍ക്ക് പണം അനുവദിക്കുന്നതിന് മുന്‍പായി പരിശോധനയെന്നത് സ്വാഭാവിക നടപടി മാത്രമാണെന്നായിരുന്നു ജില്ല കലക്ടര്‍ എന്‍ പ്രശാന്തിന്റെ മറുപടി.

Tags:    

Similar News