കോഴി നികുതിവെട്ടിപ്പ്: അന്വേഷണം ഉദ്യോഗസ്ഥ- ഭരണ തലത്തിലേക്ക്

Update: 2018-05-07 12:50 GMT
കോഴി നികുതിവെട്ടിപ്പ്: അന്വേഷണം ഉദ്യോഗസ്ഥ- ഭരണ തലത്തിലേക്ക്
Advertising

നികുതി വെട്ടിച്ചതിന് തൃശൂരിലെ പ്രമുഖ ഇറച്ചിക്കോഴി വ്യാപാര സ്ഥാപനത്തിന് 64 കോടി രൂപയാണ് വാണിജ്യനികുതിവകുപ്പ് പിഴ ചുമത്തിയിരുന്നത്. എന്നാല്‍ ഈ സ്ഥാപനത്തിന് വേണ്ടി ഭരണതലത്തില്‍ വലിയ ഇടപെടല്‍ നടന്നതിനാല്‍ പിഴ ഈടാക്കാന്‍ വകുപ്പിന് കഴിഞ്ഞില്ല.

Full View

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന കോഴി നികുതിവെട്ടിപ്പ് സംബന്ധിച്ച് അന്വേഷണം ഉദ്യോഗസ്ഥ- ഭരണ തലത്തിലേക്ക് നീളും. നികുതി വെട്ടിച്ചതിന് തൃശൂരിലെ പ്രമുഖ ഇറച്ചിക്കോഴി വ്യാപാര സ്ഥാപനത്തിന് 64 കോടി രൂപയാണ് വാണിജ്യനികുതിവകുപ്പ് പിഴ ചുമത്തിയിരുന്നത്. എന്നാല്‍ ഈ സ്ഥാപനത്തിന് വേണ്ടി ഭരണതലത്തില്‍ വലിയ ഇടപെടല്‍ നടന്നതിനാല്‍ പിഴ ഈടാക്കാന്‍ വകുപ്പിന് കഴിഞ്ഞില്ല. ഈ സംഭവത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. തൃശൂരിലെ പ്രമുഖ കോഴിഫാം കമ്പനി വ്യാജബില്ലിലൂടെ നികുതി വെട്ടിപ്പ് നടത്തുന്നത് 2011 ലാണ് വാണിജ്യനികുതി വകുപ്പ് കണ്ടെത്തിയത്.

നികുതി കമ്മീഷണറായിരുന്ന സുമന്‍ ബില്ല പ്രത്യേക സ്ക്വാഡിനെ അന്വേഷണത്തിനായി നിയോഗിച്ചു. കാലിക്കറ്റ് അസിസ്റ്റന്‍റ് കമ്മീഷണറായിരുന്ന കെ പി സജീവന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘത്തെയാണ് അന്വേഷണം ഏല്‍പ്പിച്ചത്. സര്‍ക്കാര്‍ നിശ്ചയിച്ച തറവിലയിലും താഴ്‍ന്ന തുക ബില്ലുകളില്‍ രേഖപ്പെടുത്തി, ഇരട്ടി തുകക്ക് ഇറച്ചിക്കോഴി വില്പന നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി.

അന്വേഷണം അട്ടിമറിക്കാന്‍ കമ്പനി പരമാവധി ശ്രമിച്ചെങ്കിലും ഒരു കൊല്ലത്തെ നടപടിക്രമങ്ങള്‍ക്ക് ശേഷം മൂന്നു വര്‍ഷത്തെ നികുതി വെട്ടിപ്പുകള്‍ മാത്രം കണക്കാക്കി 64 കോടി രൂപ പിഴയൊടുക്കാന്‍ നോട്ടീസ് നല്‍കി. തുടര്‍ന്ന് റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചു. പിഴയുടെ വിഹിതായി ആറ് കോടി രൂപ മുകുന്ദപുരം താലൂക്ക് ഓഫീസില്‍ കമ്പനി അടച്ച ഉടന്‍ തന്നെ ആ പണം തിരികെ നല്‍കാന്‍ റവന്യൂ വകുപ്പ് മന്ത്രി ഉത്തരവിട്ടു. കമ്പനിയുടെ അപ്പീല്‍ പരിഗണിച്ച എറണാകുളം ഡെപ്യൂട്ടി കമ്മഷണര്‍ക്ക് ഉടന്‍ സ്ഥലം മാറ്റം വന്നു. തുടര്‍ന്നു വന്ന മൂന്നു കമ്മീഷണര്‍മാരെയും ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥലം മാറ്റി.

പിന്നീട് വന്ന ഡെപ്യൂട്ടി കമ്മീഷണര്‍ പുനരന്വേഷണത്തിന് ഉത്തരവിടുകയാണ് ചെയ്തത്. ഈ ഘട്ടത്തിലെല്ലാം ഭരണ തലത്തില്‍ നിന്ന് വലിയ ഇടപെടലുകള്‍ നടന്നുവെന്ന ആക്ഷേപമുണ്ട്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയും ഉയര്‍ന്നു. അപ്പീല്‍ അതോറിറ്റിയുടെ വിധിക്കെതിരെ വാണിജ്യനികുതി വകുപ്പ് ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കി. അവിടെയും അസാധാരണായ രീതിയില്‍ വാണിജ്യനികുതി വകുപ്പിന്‍റെ വാദങ്ങള്‍ തള്ളപ്പെട്ടു. തുടര്‍ന്ന് വാണിജ്യനികുതി വകുപ്പ് നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഭരണസ്വാധീനം ഉപയോഗിച്ചുള്ള ഇടപെടലും അന്വേഷണ ഉദ്യോഗസ്ഥന്‍റെ ജീവന് ഭീഷണി ഉയരുകയും ചെയ്ത ഈ കേസില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാനുള്ള ആലോചനയിലാണ് സംസ്ഥാന സര്‍ക്കാര്‍.

Tags:    

Similar News