വേങ്ങേരി കാര്‍ഷിക മൊത്തക്കച്ചവട കേന്ദ്രത്തില്‍ ഗുരുതരക്രമക്കേടെന്ന് കൃഷിമന്ത്രി
ഇന്ന് രാവിലെ അപ്രതീക്ഷിതമായാണ് മന്ത്രി വേങ്ങേരിയിലെത്തിയത്.
കോഴിക്കോട് വേങ്ങേരി കാര്‍ഷിക മൊത്തക്കച്ചവട കേന്ദ്രത്തില്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പരിശോധന നടത്തി. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാനും വിപണനം നടത്താനും വേണ്ടി തുടങ്ങിയ സ്ഥാപനം അതിന്റെ ധര്‍മ്മം നിര്‍വഹിക്കുന്നില്ലെന്ന് പരിശോധനക്ക് ശേഷം മന്ത്രി പറഞ്ഞു. വേങ്ങേരി മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വി എസ് സുനില്‍കുമാര്‍ അറിയിച്ചു.
പ്രാദേശിക കര്‍ഷകരുടെ ഉല്‍പ്പന്നങ്ങളുടെ വിപണനം, സംഭരണം തുടങ്ങിയവ ലക്ഷ്യമിട്ട് ആരംഭിച്ച വേങ്ങേരി മൊത്തക്കച്ചവട കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് നേരത്തേ മുതല്‍ പരാതിയുണ്ട്. പരാതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി വി എസ് സുനില്‍കുമാര്‍ മാര്‍ക്കറ്റില്‍ പരിശോധന നടത്തിയത്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള മന്ത്രിയുടെ പല ചോദ്യങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല.
28 ഏക്കര്‍ വിസ്തൃതിയുള്ള മാര്‍ക്കറ്റ് മുഴുവനും മന്ത്രി നടന്ന് പരിശോധിച്ചു. നൂറ് മുറികളില്‍ രണ്ടെണ്ണം മാത്രമാണ് പ്രാദേശിക കര്‍ഷകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ളവ സ്വകാര്യ മൊത്തക്കച്ചവടക്കാര്‍ക്ക് വാടകക്ക് നല്‍കിയതായി പരിശോധനയില്‍ വ്യക്തമായി.
ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
കാര്‍ഷിക സര്‍വ്വകലാശാലയുടെ ഗവഷണകേന്ദ്രവും അഗ്രോ സൂപ്പര്‍മാര്‍ക്കറ്റും വേങ്ങേരിയില്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. രണ്ട് മണിക്കൂറാണ് മന്ത്രി വി എസ് സുനില്‍കുമാര്‍ വേങ്ങേരി മാര്‍ക്കറ്റില്‍ ചെലവഴിച്ചത്.