മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന മനുഷ്യക്കടത്ത് കേസിലെ ഇരകള്‍ ദുരിതത്തില്‍

Update: 2018-05-08 19:10 GMT
Editor : Jaisy
മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന മനുഷ്യക്കടത്ത് കേസിലെ ഇരകള്‍ ദുരിതത്തില്‍
Advertising

നാട്ടിലേക്ക് തിരിച്ചയക്കണം എന്നാവശ്യപ്പെട്ട് പലരും നിരാഹാരത്തിലാണ്

Full View

പാലക്കാട് മനുഷ്യക്കടത്ത് കേസിലെ ഇരകളായി മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ത്രീകളും കുട്ടികളും അനുഭവിക്കുന്നത് കടുത്ത ദുരിതങ്ങള്‍. നാട്ടിലേക്ക് തിരിച്ചയക്കണം എന്നാവശ്യപ്പെട്ട് പലരും നിരാഹാരത്തിലാണ്. മഹിളാ മന്ദിരത്തിലാക്കിയിട്ട് ഒന്നരമാസം പിന്നിട്ടിട്ടും ഇവരുടെ പ്രശ്നം പരിഹാരമാകാതെ കിടക്കുകയാണ്.

ഒഡീഷ , ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള 36 പേരാണ് പാലക്കാട് മുട്ടിക്കുളങ്ങര മഹിളാ മന്ദിരത്തില്‍ കഴിയുന്നത്. ഇവരില്‍ 15 പേര്‍ കുട്ടികളാണ്. ഇടക്കിടെ ഇവിടെ നിന്ന് കൂട്ടനിലവിളികള്‍ ഉയരും. എന്തിനാണ് തങ്ങളെ ഇവിടെ പിടിച്ചിട്ടിരിക്കുന്നതെന്ന് അറിയാത്തവരാണിവര്‍. പലരും ഭക്ഷണം കഴിക്കുന്നില്ല. 40 ദിവസമായി വസ്ത്രംപോലും മാറാത്തവരുണ്ട്. കഴിഞ്ഞ ജൂണ്‍ മുപ്പതിനാണ് ജോലിക്കായി കൊണ്ടുവരുന്നതിനിടയില്‍ ഇവരെ ഷൊര്‍ണൂരില്‍ നിന്നും റയില്‍വേ പൊലീസ് പിടികൂടിയത്. നാട്ടിലെ കടുത്ത ദാരിദ്ര്യം കാരണം ജോലിയന്വേഷിച്ച് വന്നവരാണ് ഇവര്‍. മനുഷ്യക്കടത്തിന് പൊലീസ് കേസെടുത്തു . ഒഡിഷയില്‍ നിന്ന് 6 കുട്ടികളെ കൊണ്ടുവന്ന കേസില്‍ സുചിത്ര സിങ് എന്ന ഝാര്‍ഖണ്ഡ് സ്വദേശിനിയെ പൊലീസ് പിടികൂടി. എന്നാല്‍ ഝാര്‍ഖണ്ഡില്‍ നിന്ന് ആളുകളെ കൊണ്ടുവന്ന കേസില്‍ ഇരകളെ തന്നെ പിടിച്ച് ജയിലിലിടുകയാണ് പൊലീസ് ചെയ്തത്. പാലക്കാട് മഹിളാ മന്ദിരത്തില്‍ കഴിയുന്ന സ്ത്രീകളുടെ ആണ്‍മക്കളും ഭര്‍ത്താക്കളുമാണ് ഒറ്റപ്പാലം ജയിലില്‍ കഴിയുന്നത്. ഝാര്‍ഖണ്ഡില്‍ നിന്നും ചിലകുടുംബാംഗങ്ങള്‍ ഇവരുടെ മോചനത്തിനായി വന്ന് കുറെ ദിവസം പാലക്കാട് താമസിച്ചിരുന്നു. കയ്യിലുള്ള പണം തീര്‍ന്നപ്പോള്‍ അവരും നാട്ടിലേക്ക് തിരിച്ചുപോയി. മനുഷ്യക്കടത്ത് കേസിലെ പ്രതികള്‍ പുറത്ത് സ്വതന്ത്രരായി നടക്കുമ്പോഴാണ് ഇരകള്‍ പുറത്തിറങ്ങാനാവാതെ ജയിലിലും മഹിളാ മന്ദിരത്തിലും കിടന്ന് ദുരിതം അനുഭവിക്കുന്നത്.‌‌‌‌

സുരക്ഷിതത്വം എന്നാല്‍ ഈ ഇരുമ്പുമറ മാത്രമാണോ? പുറംലോകം കാണാനുള്ള ഇവരുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഏത് നിയമങ്ങള്‍ കൊണ്ടാണ് വ്യാഖ്യാനിക്കാനാകുക?

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News