കാര്യക്ഷമമായ ഭൂപരിഷ്കരണത്തിന് ശേഷവും തുടരുന്ന ഭൂപ്രശ്നം
കേരളപ്പിറവിക്ക് ആറ് പതിറ്റാണ്ട് പിന്നിടുമ്പോഴും കേരളത്തിലെ ഏറ്റവും സങ്കീര്‍ണവും പരിഹരിക്കാനാവാത്തതുമായ പ്രശ്നമായി ഭൂപ്രശ്നം തുടരുകയാണ്.
ഇന്ത്യയില്‍ കാര്യക്ഷമമായി ഭൂപരിഷ്കരണം നടന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാല്‍, കേരളപ്പിറവിക്ക് ആറ് പതിറ്റാണ്ട് പിന്നിടുമ്പോഴും കേരളത്തിലെ ഏറ്റവും സങ്കീര്‍ണവും പരിഹരിക്കാനാവാത്തതുമായ പ്രശ്നമായി ഭൂപ്രശ്നം തുടരുകയാണ്. ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടക്കമിടുകയും അച്യുതമേനോന്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ഭൂപരിഷ്കരണ ശ്രമങ്ങള്‍ക്ക് നിദാനമായ കാര്‍ഷിക ബന്ധ ബില്ലിലെ ചട്ടക്കൂടാണ് ഇക്കാര്യത്തില്‍ പ്രതിസ്ഥാനത്തെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ റവന്യൂ മന്ത്രി കെ ആര്‍ ഗൌരിയമ്മ, നിയമമന്ത്രി വി ആര്‍ കൃഷ്ണയ്യര്‍ തുടങ്ങിയവരുടെ മുന്‍കയ്യില്‍ രൂപം കൊണ്ട കാര്‍ഷിക ബന്ധബില്‍ വിപ്ലവകരമെന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. കുടുംബത്തിനും വ്യക്തികള്‍ക്കും കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറായി നിജപ്പെടുത്തുകയും കുടിയാന്മാര്‍ക്ക് കൈവശഭൂമിയില്‍ ഉടമസ്ഥാവകാശം നല്‍കുകയും ചെയ്യുന്നതായിരുന്നു ബില്‍. എന്നാല്‍ കാര്‍ഷിക ബന്ധബില്‍, അന്ന് കര്‍ഷക തൊഴിലാളികളെ അഭിസംബോധന ചെയ്തില്ലെന്നതാണ് ചൂണ്ടിക്കാട്ടപ്പെടുന്ന പ്രധാന പോരായ്മ.
കര്‍ഷക തൊഴിലാളികള്‍ എന്ന് വര്‍ഗപരമായി വിശേഷിപ്പിക്കപ്പെട്ട ജനവിഭാഗം കേരളത്തിലെ ദലിതുകളായിരുന്നു. ഭൂ ഉടമസ്ഥതയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ഇവര്‍ക്ക് അച്യുതമേനോന്‍ സര്‍ക്കാര്‍ കോര്‍പ്പറേഷനുകളില്‍ മൂന്ന് സെന്‍റും മുനിസിപ്പാലിറ്റിയില്‍ അഞ്ചു സെന്‍റും പഞ്ചായത്തുകളില്‍ പത്ത് സെന്‍റും ഭൂമി നല്‍കി. ഇവര്‍ക്കായി ലക്ഷം വീട് കോളനികളും നിര്‍മിച്ചു നല്‍കി. കാര്‍ഷിക ബന്ധബില്ലില്‍ തോട്ടങ്ങളെയും ട്രസ്റ്റുകളുടെയും മതസ്ഥാപനങ്ങളുടെയും കൈവശമുള്ള ഭൂമികളെയും ഭൂപരിധി നിയമത്തില്‍ നിന്നൊഴിവാക്കിയിരുന്നു. ഇതുവഴി മിച്ചഭൂമി അളവ് കുറഞ്ഞു. പശ്ചിമഘട്ടമേഖലയില്‍ ഇത് ഭൂമിയുടെ കേന്ദ്രീകരണത്തിന് വഴിവെച്ചു. ചെങ്ങറ സമത്തെ തുടര്‍ന്ന് ഉയര്‍ന്ന് വന്ന രണ്ടാം ഭൂപരിഷ്കരണം എന്ന ആശയം, കുത്തകകള്‍ കൈവശം വെച്ചു പോരുന്ന തോട്ടഭൂമി മിച്ചഭൂമിയായി കണ്ട് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന ആവശ്യം മുന്‍ നിര്‍ത്തിയായിരുന്നു. എന്നാല്‍ 2007ല്‍ സിപിഎം സംസ്ഥാന കമ്മിറ്റി രണ്ടാം ഭൂപരിഷ്കരണം എന്ന ആശയം തള്ളി.
സമാനമായിരുന്നു ആദിവാസികളുടെയും അവസ്ഥ. ആദിവാസികളുടെ ഭൂമിക്ക് കൈവശരേഖയോ മറ്റോ ഇല്ലാത്തതിനാല്‍ കേരളപ്പിറവിക്ക് ശേഷം വ്യാപകമായി കയ്യേറ്റം ചെയ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശത്തെ തുടര്‍ന്ന് ആദിവാസി ഭൂമി നിയമം നിലവില്‍ വന്നെങ്കിലും നിയമത്തിന് ചട്ടങ്ങള്‍ നിര്‍മിക്കാത്തതിനാല്‍ അത് ഏട്ടിലെ പശുവായി തുടര്‍ന്നു. 1999ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ നിയമവും ഭേദഗതി ചെയ്തു. കയ്യേറിയ ഭൂമിക്ക് പകരം ഭൂമിയെന്ന പുതിയ വ്യവസ്ഥയും ഇനിയും നടപ്പായിട്ടില്ല. ആദിവാസി വനാവകാശ നിയമവും കേരളത്തില്‍ ഫലപ്രദമായി നടപ്പാക്കാന്‍ ഇനിയുമായിട്ടില്ല. കേരളത്തില്‍ ഭൂമിയില്‍ ഉടമസ്ഥാവകാശം ലഭിച്ച ജനവിഭാഗം സാമൂഹ്യവും രാഷ്ട്രീയവുമായി ഉന്നതി പ്രാപിച്ചപ്പോള്‍ കൃഷിഭൂമിയില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടവര്‍ ഇന്നും നിലനില്‍പിനായി പോരാട്ട രംഗത്താണ് എന്നതും ശ്രദ്ധേയമാണ്.