നാളീകേര കര്‍ഷകര്‍ക്കായുള്ള പദ്ധതികള്‍ പാതിവഴിയില്‍

Update: 2018-05-08 00:01 GMT
Editor : Sithara
നാളീകേര കര്‍ഷകര്‍ക്കായുള്ള പദ്ധതികള്‍ പാതിവഴിയില്‍
Advertising

തെങ്ങുകൾക്ക് രോഗം പടർന്നു പിടിക്കുമ്പോഴും പദ്ധതികൾ നടപ്പിലാക്കാൻ ഒരു ശ്രമവുമില്ല

നാളീകേര കർഷകർക്കായി നടപ്പിലാക്കിയ കൃഷി സംരക്ഷണ പദ്ധതികൾ പലതും നിലക്കുന്നു. തെങ്ങുകൾക്ക് രോഗം പടർന്നു പിടിക്കുമ്പോഴും പദ്ധതികൾ നടപ്പിലാക്കാൻ ഒരു ശ്രമവുമില്ല. പദ്ധതികൾ വഴി കോടിക്കണക്കിന് രൂപ പാഴാകുമ്പോഴും അധികൃതർക്ക് അനക്കമില്ല. ഇതോടെ നാളീകേര കർഷകർ കടുത്ത പ്രതിസന്ധിയാലായിരിക്കുകയാണ്.

Full View

കർഷകരുടെ കൈകളിൽ ആനകൂല്യം നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെ കൃഷിഭവൻ വഴി കർഷകരെ കണ്ടെത്തി നാളീകേര വികസന സമിതി രൂപീകരിച്ചായിരുന്നു പ്രധാന പ്രവർത്തനം. അഞ്ച് വർഷം മുൻപ് വരെ പ്രവർത്തിച്ചിരുന്ന സമിതിയുടെ പ്രവർത്തനം ഇപ്പോൾ ഏതാണ്ട് നിലച്ചു. നല്ലയിനം തെങ്ങിൻ തൈകൾ കുറഞ്ഞ വിലക്ക് കർഷകർക്ക് നൽകുക, കർഷകരിൽ നിന്ന് വിത്തു തേങ്ങ സംഭരിക്കുക തുടങ്ങി ഒട്ടേറെ പദ്ധതികളായിരുന്നു നടപ്പിലാക്കി വന്നിരുന്നത്. ഇപ്പോൾ ഏതൊക്കൊ പദ്ധതിയുണ്ടെന്ന് കൃഷി ഉദ്യോഗസ്ഥർക്കു പോലുമറിയില്ല.

കേര വികസന സമിതികൾ വഴി മഞ്ഞളിപ്പ് രോഗം, മണ്ട ചീയൽ, പ്രകൃതി ക്ഷോഭം എന്നിവ കാരണം നശിക്കുന്ന തെങ്ങുകളെ കൃഷി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ കേര സമിതി പ്രവർത്തകർ വെട്ടി മാറ്റുകയും നഷ്ടപരിഹാരമായി 250 രൂപ നൽകുകയും ചെയ്തിരുന്നു. വളങ്ങൾ കുറഞ്ഞ വിലക്ക് നൽകുക, സബ്സിഡി നിരക്കിൽ പമ്പ് സെറ്റ് നൽകുക. തുടങ്ങി ഒട്ടേറെ പദ്ധതികളാണ് മരവിച്ചു കിടക്കുന്നത്. ഇപ്പോൾ വേനൽ കൂടി കടുത്തതോടെ തെങ്ങുകളിൽ രോഗബാധ വ്യാപകമാകുകയാണ്.

മണ്ഡരി രോഗത്തിന് പുറമേ വെള്ളീച്ച രോഗമാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. ഇതിനെ കുറിച്ച് ഗവേഷണം നടന്നുവെങ്കിലും പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടില്ല. രോഗം തെങ്ങോലകളിൽ നിന്ന് മറ്റ് സസ്യങ്ങളിലേക്കും വ്യാപകമാകുന്നുവെന്ന് കർഷകർ പറയുന്നു. നാളീകേര കർഷക സംരക്ഷണം മുടങ്ങുകയും രോഗ പ്രതിരോധ പ്രവർത്തനം നടക്കാതെ വരികയും ചെയ്തതോടെ കുടുങ്ങിയത് നാളീകേര കർഷകരാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News