ഇടമലക്കുടിയില്‍ സാമൂഹിക സാമ്പത്തിക സര്‍വ്വേ നടത്താന്‍ നിര്‍ദേശം

Update: 2018-05-08 07:46 GMT
Editor : Sithara
Advertising

ഇടമലക്കുടിയിലെ ആദിവാസികളുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ മനസിലാക്കാന്‍ സാമൂഹിക സാമ്പത്തിക സര്‍വ്വേ നടത്തണമെന്ന് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പ്രകൃതി ശ്രീവാസ്തവ

ഇടമലക്കുടിയിലെ ആദിവാസികളുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ മനസിലാക്കാന്‍ സാമൂഹിക സാമ്പത്തിക സര്‍വ്വേ നടത്തണമെന്ന് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പ്രകൃതി ശ്രീവാസ്തവ. ഇവരെ വനത്തിനുള്ളില്‍ നിന്ന് മാറ്റിപാര്‍പ്പിക്കുന്നതാണ് ഉചിതമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിന് പ്രകൃതി ശ്രീവാസ്തവ റിപ്പോര്‍ട്ട് നല്‍കി.

Full View

ഇടമലക്കുടിയിലെ ആദിവാസികളുടെ കുടികളിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി കേബിള്‍ സ്ഥാപിക്കുന്നതിന്‍റെ മറവില്‍ വ്യാപകമായി കാട് നശിപ്പിച്ച പശ്ചാത്തലത്തിലാണ് നിര്‍ദേശങ്ങളുമായി അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പ്രകൃതി ശ്രീവാസ്തവ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. ഇടമലക്കുടിയെന്നത് പരിസ്ഥിതിലോല പ്രദേശമാണെന്നും അതിനാല്‍ പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്തി മാത്രമേ ഇവിടെ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ നടത്താനാകൂവെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം ആദിവാസികളുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ മനസിലാക്കുന്നതിനും വികസന പദ്ധതി തയ്യാറാക്കാനും സാമൂഹിക സാമ്പത്തിക സര്‍വ്വേ നടത്തണം. അവരുടെ സാംസ്ക്കാരിക ചട്ടക്കൂട്ട് നശിപ്പിക്കാതെ വേണം പദ്ധതികള്‍. നിലവില്‍ തയ്യാറാക്കിയിരിക്കുന്ന വികസനപദ്ധതികള്‍ ആദിവാസികളെ കുറിച്ചുള്ള നമ്മുടെ വിലയിരുത്തലുകളെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. മാത്രവുമല്ല കാടിനുള്ളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ കേന്ദ്രത്തിന്‍റെ അനുമതി വാങ്ങുകയും വേണം. ഇതിനൊപ്പം തന്നെ ആദിവാസികളെ വനാതിര്‍ത്തിയിലേക്ക് മാറ്റുന്നത് പരിഗണിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഇതിന് കേന്ദ്രത്തിന്‍റെ അനുമതി ആവശ്യമില്ല.

വനാതിര്‍ത്തിയിലേക്ക് മാറ്റുകയാണെങ്കില്‍ കാട് സംരക്ഷിക്കുന്നതിനൊപ്പം തന്നെ ആദിവാസികള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പാക്കാനുമാവും. സാമൂഹിക സാമ്പത്തിക സര്‍വ്വേയ്ക്ക് ഇതിന്‍റ സാധ്യതയും പരിശോധിക്കാനാവും. ആദിവാസികള്‍ കാട്ടിനുള്ളില്‍ നിന്ന് മാറി താമസിക്കാന്‍ ആഗ്രഹിക്കാത്തവരാണെന്ന നമ്മുടെ മുന്‍വിധികള്‍ക്കും സര്‍വ്വെ അവസാനം കുറിക്കുമെന്ന് വനം അഡീഷണല്‍ ചീഫ് സെക്രട്ടറിക്കയച്ച റിപ്പോര്‍ട്ടിലുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News