പൂക്കിപറമ്പ് ദുരന്തം: ആഭരണങ്ങള്‍ പോലും തിരികെ ലഭിക്കാതെ അവകാശികള്‍

Update: 2018-05-08 13:12 GMT
പൂക്കിപറമ്പ് ദുരന്തം: ആഭരണങ്ങള്‍ പോലും തിരികെ ലഭിക്കാതെ അവകാശികള്‍
Advertising

കോടതിയുടെ പരിഗണനയിലാണെന്ന് സര്‍ക്കാര്‍

കേരളത്തെ നടുക്കിയ പൂക്കിപറമ്പ് ബസ് അപകടം കഴിഞ്ഞ് 16 വര്‍ഷം പിന്നിട്ടും മരിച്ചവരുടെ ആഭരണങ്ങള്‍ ബന്ധുക്കള്‍ക്ക് തിരികെ നല്‍കുന്ന കാര്യത്തില്‍ വ്യക്തതയില്ല. ഒപ്പം ചിലരുടെ ഇന്‍ഷുറന്‍സ് തുകയുടെ കാര്യവും ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നാണ് സര്‍ക്കാര്‍ നിയമസഭയില്‍ വിശദീകരിച്ചത്. ആഭരണങ്ങള്‍ ചോദിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ അവകാശികളോട് കോടതിയെ സമീപിക്കാന്‍ പോലീസ് നിര്‍ദേശിച്ചു.

പൂക്കിപ്പറമ്പില്‍ 44 പേര്‍ മരിച്ച ബസ് അപകടത്തില്‍ കോഴിക്കോട് മാവൂരിലെ യശോദ ടീച്ചര്‍ക്ക് നഷ്ടമായത് മകനും മരുമകളും കൊച്ചുമക്കളുമടക്കം അഞ്ച് കുടുംബാംഗങ്ങളെയാണ്. വര്‍ഷം 16 പിന്നിട്ടിട്ടും നിയമ നടപടികളുടെ സാങ്കേതികതയില്‍ കുരുങ്ങി ടീച്ചറടക്കമുള്ള അവകാശികള്‍ക്ക് ആഭരണങ്ങളടക്കം ലഭിച്ചിട്ടില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിരന്തരമായി ഇതിനായി ശ്രമം നടത്തുകയാണ് യശോദ ടീച്ചര്‍. തനിക്ക് വേണ്ടിയല്ല ഈ നടപ്പ് എന്ന് കൂടി പറഞ്ഞുവെക്കുന്നു ടീച്ചര്‍.

Full View

എല്ലാ ശ്രമങ്ങള്‍ക്കും ഒടുവില്‍ വീണ്ടും കോടതി സമീപിക്കാനാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ടീച്ചറോട് രേഖാമൂലം നിര്‍ദേശിച്ചത്. ഫെബ്രുവരി 27 ന് നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ ആഭരണങ്ങള്‍ അവകാശികള്‍ക്ക് നല്‍കുന്ന കാര്യം കോടതിയുടെ പരിഗണനയിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ചിലരുടെ ഇന്‍ഷുറന്‍സ് തുകയും അവകാശികള്‍ക്ക് ലഭ്യമാക്കുന്നതും കോടതിയിലാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.

Tags:    

Similar News