ഫോര്‍ട്ട് കൊച്ചി കപ്പലപകടം: നാവികന്റെ അറസ്റ്റ് വൈകിയേക്കും
കാണാതായ അസം സ്വദേശിക്കായുള്ള തെരച്ചില്‍ തുടരുന്നു. കപ്പലിലെ ഇലക്ട്രോണിക് ഉപകരണങ്ങളിലെ തെളിവുകള്‍ കേസില്‍ നിര്‍ണായകമാകും..
ഫോര്‍ട്ട് കൊച്ചിയില്‍ ബോട്ടില്‍ കപ്പിലിടിച്ച സംഭവത്തില്‍ നാവികന്‍റെ അറസ്റ്റ് വൈകിയേക്കും. കപ്പലില്‍ നിന്ന് പിടിച്ചെടുത്ത രേഖകളുടെ തുടര്‍പരിശോധനകള്‍ക്കായി തീരദേശ സേന കോടതിയുടെ അനുമതി തേടി. ഡിജിറ്റല്‍ വിവരങ്ങളുടെ ശാസ്ത്രീയ പരിശോധനക്ക് കൂടുതല്‍ സമയമെടുക്കും.
കപ്പലിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളിലെ തെളിവുകള്‍ കേസില്‍ നിര്‍ണായകമാകും. കപ്പലിലെ വോയേജ് ഡാറ്റ റെക്കോര്‍ഡര്‍ അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോസ്റ്റ് ഗാര്‍ഡും നാവികസേനയും അടക്കം വിവിധ വകുപ്പുകള്‍ സംയുക്തമായി കപ്പലില്‍ നടത്തുന്ന പരിശോധന രാത്രിയും തുടര്‍ന്നു. ബോട്ടപടകടത്തില്‍ കാണാതായ മൂന്നാമത്തെയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും.
അന്വേഷണത്തില്‍ നിര്‍ണായക തെളിവുകള്‍ ആയേക്കാവുന്ന കപ്പലിലെ വോയേജ് ഡാറ്റ റെക്കോർഡർ, എഞ്ചിൻ മൂവ്മെന്റ് രജിസ്റ്റർ, ലോഗ് ബുക്ക്, ജി പി എസ് ചാർട്ട് തുടങ്ങി വിവിധ രേഖകൾ പിടിച്ചെടുക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഷിപ്പിംഗ് ഡയറക്ടർക്കാണ് ഇതിനായി നിർദേശം നൽകിയിരിക്കുന്നത്. അപകടത്തിൽ മരിച്ച ആൻറണിയുടെ ഭാര്യ സുജാത, അപകടത്തിൽപെട്ട തമിഴ്നാട് സ്വദേശി ഏണസ്റ്റ് എന്നിവർ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കൊച്ചിതീരത്തു നിന്നും 7 നോട്ടിക്കൽ മൈൽ അകലെയാണ് ഇപ്പോൾ കപ്പലുള്ളത്. ഡി ഐ ജി ഷിപ്പിങ്ങ്, നാവിക സേന, കോസ്റ്റ് ഗാർഡ്, മാർക്കന്റൈൽ മറൈൻ ഇമ്മിഗ്രേഷൻ കസ്റ്റംസ് തുടങ്ങി വിവിധ വകുപ്പുകൾ സംയുക്തമായി നടത്തുന്ന പരിശോധന രാത്രി വൈകിയും തുടര്‍ന്നു. കപ്പലിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പിടിച്ചെടുത്താല്‍ കപ്പല്‍ ദിശമാറി സഞ്ചരിച്ചിട്ടുണ്ടോ ദൂരപരിധി ലംഘിച്ചിട്ടുണ്ടോ തുടങ്ങിയ തെളിവുകള്‍ ശാസ്ത്രീയമായ് തന്നെ ലഭിക്കും.
ഇപ്പോൾ നടക്കുന്ന സംയുക്ത പരിശോധന പൂർത്തിയ ശേഷമായിരിക്കും കപ്പൽ തീരത്തടുപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.