സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നിഷേധിച്ചു; പട്ടിക ജാതി പെണ്‍കുട്ടിയുടെ വിദേശ പഠനം മുടങ്ങി
പോര്‍ച്ചുഗലിലെ കോയിംബ്ര യൂണിവേര്‍സിറ്റിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി തൃശൂര്‍ സ്വദേശി റിമാ രാജനാണ് ഈ ദുര്‍വിധി.
സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നിഷേധിച്ചതുമൂലം ഫീസടക്കാന്‍ കഴിയാതെ പട്ടികജാതി വിദ്യാര്‍ഥിയുടെ ഉപരിപഠനം മുടങ്ങി. ഫീസ് അടക്കാത്തതിനാല്‍ പിരിച്ചുവിടുന്നതായി അറിയിച്ച് സര്‍വകലാശാല വിദ്യാര്‍ഥിക്ക് കത്ത് നല്‍കി. പോര്‍ച്ചുഗലിലെ കോയിംബ്ര യൂണിവേര്‍സിറ്റിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി തൃശൂര്‍ സ്വദേശി റിമാ രാജനാണ് ഈ ദുര്‍വിധി.
സെപ്റ്റംബര്‍ രണ്ട്, അതായത് ഇന്നാണ് റിമക്ക് ഫീസടക്കേണ്ടുന്ന അവസാന തീയതി. നാല് ലക്ഷം രൂപ കെട്ടിവെച്ചില്ലെങ്കില്‍ വിദേശത്തെ ഉന്നത ബിരുദമെന്ന സ്വപ്നം റിമക്ക് പാതിവഴിയില്‍ ഉപേക്ഷിക്കാം. ലോണെടുത്തും പണയം വെച്ചും ഇതുവരെ ചെലവഴിച്ച 8 ലക്ഷം രൂപയും മറക്കാം. അനേകം തവണ സെക്രട്ടേറിയറ്റ് കയറിയിറങ്ങിയിട്ടും പട്ടിക ജാതി കമ്മിഷന്‍ ഉത്തരവിട്ടിട്ടും വകുപ്പ് ഉദ്യോഗസ്ഥരോ മന്ത്രിയോ അനങ്ങിയില്ല. ഇപ്പോള്‍ യൂണിവേര്‍സിറ്റി അധികൃതര്‍ പിരിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നു.
മന്ത്രിയുടെ ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ ഫയലെടുക്കട്ടെ പരിശോധിക്കട്ടെ എന്നാണ് മറുപടി. ആ വിദ്യാര്‍ഥിക്കില്ലാത്ത ഉത്കണ്ഠ നിങ്ങള്‍ക്കെന്തിനെന്നും മറുചോദ്യം. രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തമോ മറ്റനേകം ദലിത് വിദ്യാര്‍ഥികളുടെ കണ്ണീരോ നമ്മുടെ ഭരണസംവിധാനങ്ങളില്‍ ഒരു ചലനവുമുണ്ടാക്കിയില്ലെന്ന് തെളിയിക്കുന്നതാണ് റിമയുടെ ഗതി.