അമിറുല്‍ ഇസ്‍ലാമിന്റെ മൊഴിയില്‍ വ്യക്തതയില്ലെന്ന് അന്വേഷണ സംഘം
തിരിച്ചറിയല്‍ പരേഡ് നടത്താന്‍ കോടതിയുടെ അനുമതി. മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ ഇന്ന് ഉച്ചക്കാകും തിരിച്ചറിയല്‍ പരേഡ്
ജിഷ കൊലക്കേസില്‍ അറസ്റ്റിലായ അമീറുല്‍ ഇസ്‍ലാമിന്‍റെ മൊഴിയില്‍ വ്യക്തതയില്ലെന്ന് അന്വേഷണ സംഘം. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം ഉള്‍പ്പെടെയുള്ള മൊഴിയില്‍ വ്യക്തതയില്ല. കൊലക്ക് ഒന്നിലേറെ ആയുധങ്ങള്‍ ഉപയോഗിച്ചതായും കൊല നടത്തുന്ന സമയത്ത് മദ്യപിച്ചിരുന്നില്ലെന്നും ഇയാള്‍ മൊഴി നല്‍കിയതായി അന്വേഷണം സംഘം അറിയിച്ചു.
അതേസമയം, കാക്കനാട് ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന അമീറുല്‍ ഇസ്‍ലാമിനെ ഇന്ന് തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കിയേക്കും. എറണാംകുളം സിജെഎം കോടതി ഇതിനുള്ള അനുമതി നല്‍കിയിട്ടുണ്ട്. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലായിരിക്കും തിരിച്ചറിയല്‍ പരേഡ്. ഉച്ചക്ക് ശേഷം തിരിച്ചറിയല്‍ പരേഡുണ്ടാകും. ജിഷയുടെ അമ്മ രാജേശ്വരിയേയും മൂന്നു സാക്ഷികളേയും തിരിച്ചറിയലിന് കൊണ്ടു വരും.
അമിറുല്‍ ഇസ്‍ലാമിനെ ഇന്നലെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയെങ്കിലും അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നില്ല. തിരിച്ചറിയല്‍ പരേഡിന് ശേഷമാവും തെളിവെടുപ്പിനായി അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുക.
കൊലപാതകം നടന്ന ദിവസം മഞ്ഞ ഷര്‍ട്ട് ധരിച്ച ഒരാള്‍ ജിഷയുടെ വീടിന്റെ പരിസരത്ത് കണ്ടതായി നിരവധി സാക്ഷി മൊഴികള്‍ ലഭിച്ചിരുന്നു. ഇയാള്‍ക്ക് ചെരുപ്പ് വിറ്റ കടയുടമയും വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയും അടക്കമുള്ളവര്‍ അമിറുലിനെ തിരിച്ചറിയേണ്ടതുണ്ട്. ഇന്നും നാളെയുമായിട്ടാണ് തിരിച്ചറിയല്‍ പരേഡ് നടക്കുക.
കാക്കനാട് ജയിലില്‍ കര്‍ശന സുരക്ഷയിലാണ് അമിറുലിനെ പാര്‍പ്പിച്ചിരിക്കുന്നത്. സിസി ടിവി ക്യാമറകള്‍ അടക്കമുള്ളവ അമിറുലിനെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ അമിറുല്‍ പലവട്ടം മൊഴിമാറ്റിയതാണ് സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടൊ എന്ന സാധ്യത പരിശോധിക്കാന്‍ കാരണം. സംഭവദിവസം അസ്വാഭാവികമായി കനാലിലേക്ക് വെള്ളം ഒഴുക്കിയതും ജിഷയുടെ സമീപവാസിയായിരുന്നിട്ട് കൂടി ഇയാള്‍ തിരിച്ചറിയപ്പെടാതിരുന്നതും ദുരൂഹമാണ്. കൊല നടത്തിയ ആയുധം കണ്ടെത്തിയെങ്കിലും സംഭവസമയത്ത് അമിറുല്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്. തിങ്കളാഴ്ച അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ കോടതിയില്‍ നല്‍കിയേക്കും.