ബജറ്റ് നാളെ; നികുതി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് സൂചന

Update: 2018-05-08 00:33 GMT
Editor : Sithara
ബജറ്റ് നാളെ; നികുതി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് സൂചന
Advertising

സാമ്പത്തിക പ്രതിസന്ധി മറികടക്കാനുളള നിര്‍ദേശങ്ങളാകും ബജറ്റിലെ മുഖ്യ ഉള്ളടക്കം

Full View

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ നിയമസഭയില്‍ അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുളള നിര്‍ദേശങ്ങളാകും ബജറ്റിലെ മുഖ്യ ഉള്ളടക്കം. നികുതി നിരക്കില്‍ വര്‍ദ്ധനയുണ്ടാകില്ലെന്നാണ് സൂചന.

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വിശദീകരിച്ചുളള ധവളപത്രം ഇറക്കിയതിന് തൊട്ട് പിന്നാലെയാണ് എല്‍ഡിഎഫ് സസര്‍ക്കാര്‍ ആദ്യ ബജറ്റ് അവതരണത്തിന് ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ വരുമാനം വര്‍ദ്ധിപ്പിച്ച് സാമ്പത്തിക സ്ഥിരത കൈവരിക്കാനുളള നിര്‍ദേശങ്ങളാകും ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രധാനമായും മുന്നോട്ട് വെക്കുക. നികുതി നിരക്കുകള്‍ കൂട്ടില്ലെന്നാണ് സൂചന. പകരം ചോര്‍ച്ച തടഞ്ഞ് നികുതി വരുമാനം വര്‍ദ്ധിപ്പിക്കാനുളള നടപടികള്‍ ബജറ്റില്‍ പ്രഖ്യാപിക്കും. ബില്‍ വിവരങ്ങള്‍ വ്യാപാരികള്‍ കൃത്യസമയത്ത് നികുതി വകുപ്പിനെ അറിയിക്കണമെന്നത് അടക്കമുളള നിബന്ധനകള്‍ കര്‍ക്കശമാക്കും. ഇതിനുളള നിയമനിര്‍മ്മാണം സര്‍ക്കാരിന്റെ പരിഗണയിലാണ്. നികുതി വരുമാനത്തിലെ 70 ശതമാനം വരുന്ന വില്പന നികുതിയില്‍ നികുതി വെട്ടിപ്പ് വ്യാപകമാണ്. ഇത് തടയാനായി ലക്കി വാറ്റ് പദ്ധതി ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പദ്ധതിയേതര ചെലവുകള്‍ നിയന്ത്രിക്കാനുളള നിര്‍ദേശങ്ങളും ധനമന്ത്രി മുന്നോട്ടുവെക്കും. ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയൊഴിവാക്കിയുളള പദ്ധതിയേതര ചെലവുകളാകും നിയന്ത്രിക്കുക. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കുറവുണ്ടാകില്ല. അതേസമയം വന്‍കിട പദ്ധതിക്കുളള ഫണ്ട് ബജറ്റില്‍ ഇടംപിടിക്കാനിടയില്ല. ബജറ്റിന് പുറത്ത് പണം കണ്ടെത്തി മൂലധനനിക്ഷേപം നടത്താനുളള ശ്രമങ്ങളും ബജറ്റിലൂടെയുണ്ടാകും. പൊതുമേഖലയെ ശക്തിപ്പെടുത്താനുളള നടപടികളും നിര്‍ദേശിക്കും. കയര്‍ ഉള്‍പ്പെടെയുളള മേഖലകള്‍ക്കായി പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാടെങ്കിലും ഇക്കാര്യം ഇത്തവണത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് സൂചന.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News