ദുരൂഹമരണത്തിന് ഒരു വര്‍ഷം; കോന്നി പെണ്‍കുട്ടികളുടെ ആത്മഹത്യാ വാദം തള്ളി രക്ഷിതാക്കള്‍
കേസ് അവസാനിപ്പിക്കാന്‍ അനുമതി കിട്ടിയതായി പൊലീസ്
പത്തനംതിട്ട കോന്നിയില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത സംഭവം നടന്നിട്ട് ഒരു വര്‍ഷം പിന്നിടുന്നു. പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്താല്‍ വീട് വിട്ടിറങ്ങിയ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് നിഗമനം. അതേസമയം മരണകാരണം കണ്ടെത്തുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്നാണ് ബന്ധുക്കളുടെ ആക്ഷേപം. കേസന്വേഷണം ഉന്നത ഏജന്‍സികളെ ഏല്‍പിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
കോന്നി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥികളായിരുന്ന ആതിര, ആര്യ, രാജി എന്നീ പെണ്‍കുട്ടികളെ 2015 ജൂലൈ 9നാണ് കോന്നിയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. പിന്നീട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം 2 കുട്ടികളെ മരിച്ച നിലയിലും ഒരാളെ പരിക്കേറ്റ നിലയിലും പാലക്കാട് റെയില്‍വെ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടി പിന്നീട് മരണമടയുകയും ചെയ്തു. ഇവരുടെ മരണത്തിന് പിന്നില്‍ ബാഹ്യ ശക്തികളുടെ ഇടപെടലില്ലെന്നാണ് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വിദ്യാര്‍ഥിനികളുടെ മരണം ആത്മഹത്യയാണെന്ന് കരുതുന്നില്ലെന്നും പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തകരമല്ലെന്നുമാണ് ബന്ധുക്കളുടെ നിലപാട്.
പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്ന നിഗമനത്തില്‍ പോലീസ് ഉറച്ച് നില്‍ക്കുകയാണ്. കേസ് അവസാനിപ്പിക്കാനുള്ള അനുമതി ഹൈക്കോടതിയില്‍ നിന്ന് ലഭിച്ചതായും പോലീസ് പറയുന്നു. അതേസമയം അന്വേഷണം ഉന്നത ഏജന്‍സികളെ ഏല്‍പിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. സ്വന്തമായി മൊബൈല്‍ ഫോണുകളില്ലാതിരുന്ന പെണ്‍കുട്ടികളുടെ കയ്യില്‍ അവ എങ്ങനെ എത്തി, സിം കാര്‍ഡ് ആരുടെ പേരിലാണ്. ആരോടൊക്കെയാണ് പെണ്‍കുട്ടികള്‍, കാണാതായതിന് ശേഷം ഫോണില്‍ സംസാരിച്ചത് തുടങ്ങിയ സംശയങ്ങള്‍ക്ക് പോലീസ് തൃപ്തികരമായ മറുപടി നല്‍കുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.