സ്വന്തം ഭൂമിയില്‍ താമസിക്കാനുള്ള ഇവരുടെ സമരത്തിന് ഒരു വയസ്സ്
വനംവകുപ്പ് അന്യായമായി പിടിച്ചെടുത്ത ഭൂമി തിരിച്ചു ലഭിയ്ക്കും വരെ സമരം തുടരാനാണ് ഈ കുടുംബത്തിന്റെ തീരുമാനം.
സ്വന്തം ഭൂമിയില്‍ അവകാശം സ്ഥാപിയ്ക്കാന്‍ വയനാട്ടിലെ കാഞ്ഞിരത്തിനാല്‍ കുടുംബം കലക്ടറേറ്റിനു മുന്‍പില്‍ നടത്തുന്ന സമരത്തിന് ഇന്നേയ്ക്ക് ഒരു വയസ്. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ തുടങ്ങിയ സമരം ഇപ്പോഴും തുടരുന്നു. വനംവകുപ്പ് അന്യായമായി പിടിച്ചെടുത്ത ഭൂമി തിരിച്ചു ലഭിയ്ക്കും വരെ സമരം തുടരാനാണ് ഈ കുടുംബത്തിന്റെ തീരുമാനം.
ഭാര്യ പിതാവ് വിലയ്ക്കു വാങ്ങിയ പന്ത്രണ്ട് ഏക്കര്‍ ഭൂമിയുടെ അവകാശം തിരിച്ചെടുക്കാനാണ് കാഞ്ഞിരത്തിനാല്‍ ജെയിംസിന്റെ ഈ സമരം. 1967 ലാണ് കാഞ്ഞിരത്തിനാല്‍ ജോര്‍ജ്, കാഞ്ഞിരങ്ങാട് വില്ലേജില്‍ ഭൂമി വാങ്ങിയത്. 1977ല്‍ ഇത് വനഭൂമിയാണെന്നു പറഞ്ഞ് കുടുംബത്തെ ഒഴിപ്പിച്ചു. പിന്നീടിങ്ങോട്ട് നിരവധി സമരങ്ങള്‍. വ്യവഹാരങ്ങള്‍. ഇതിനിടെ കാഞ്ഞിരത്തിനാല്‍ ജോര്‍ജും ഭാര്യ ഏലിക്കുട്ടിയും മരിച്ചു. മരുമകന്‍ ജെയിംസാണ് കഴിഞ്ഞ ഒരു വര്‍ഷമായി കലക്ടറേറ്റിനു മുന്‍പില്‍ സത്യഗ്രഹം നടത്തുന്നത്.
2008ല്‍ നടത്തിയ വിജിലന്‍സ് അന്വേഷണത്തില്‍ ഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റേതാണെന്നു കണ്ടെത്തിയിരുന്നു. വനംവകുപ്പ് തെറ്റായ റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കിയാണ് സ്ഥലം കൈക്കലാക്കിയതെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക സമിതി ജെയിംസില്‍ നിന്ന് കേസിന്റെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഈ പ്രതീക്ഷ മാത്രമാണ് ഇപ്പോള്‍ ജെയിംസിനുള്ളത്.