ഒരു നാടിന് പൂക്കളമിടാന്‍ പൂക്കളൊരുക്കി ഷെരീഫ്
വീടിനോട് ചേര്‍ന്ന അര ഏക്കര്‍ സ്ഥലത്ത് നട്ടുവളര്‍ത്തിയ ജമന്തിപ്പൂക്കള്‍ പൂക്കളമൊരുക്കാന്‍ നാട്ടുകാര്‍ക്ക് സൗജന്യമായി നല്‍കാനാണ് ഷെരീഫിന്റെ തീരുമാനം.
ഒരു നാടിനു മുഴുവന്‍ ഓണപ്പൂക്കളമിടാന്‍ പൂന്തോട്ടമൊരുക്കിയാണ് കണ്ണൂര്‍ ചെറുപുഴയിലെ ഷെരീഫ് ഇത്തവണ ഓണം ആഘോഷിക്കുന്നത്. വീടിനോട് ചേര്‍ന്ന അര ഏക്കര്‍ സ്ഥലത്ത് നട്ടുവളര്‍ത്തിയ ജമന്തിപ്പൂക്കള്‍ പൂക്കളമൊരുക്കാന്‍ നാട്ടുകാര്‍ക്ക് സൗജന്യമായി നല്‍കാനാണ് ഷെരീഫിന്റെ തീരുമാനം.
ചെറുപുഴ ബാലവാടി റോഡിലെ തണ്ടയില്‍ ഷെരീഫ് സ്വന്തം നാട്ടുകാര്‍ക്കായി കരുതിവെച്ചിട്ടുളള ഓണ സമ്മാനമാണ് ഈ പൂക്കള്‍. മൂന്ന് മാസം മുമ്പാണ് തന്റെ വീടിനോട് ചേര്‍ന്നുളള സ്വകാര്യ വ്യക്തിയുടെ അരയേക്കര്‍ പുരയിടത്തില്‍ ഷെരീഫ് ജമന്തിച്ചെടികള്‍ നട്ടുപിടിപ്പിച്ചത്. പൂര്‍ണമായി ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചായിരുന്നു കൃഷി. അന്യസംസ്ഥാനങ്ങളില്‍ മാത്രം കണ്ടുവരുന്ന ഈ പൂക്കള്‍ സ്വന്തം നാട്ടില്‍ വളരുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും അതെല്ലാം അസ്ഥാനത്തായി.
ജമന്തിപ്പാടം പൂത്തുലഞ്ഞതോടെ ഓണവും പിന്നാലെയെത്തി. ഓണവിപണിയില്‍ പൂക്കളുടെ വില കുതിച്ചുയരുമ്പോഴും പക്ഷെ ഷെരീഫിന്റെ പൂക്കള്‍ വില്‍പ്പനക്കില്ല. തന്റെ നാട്ടുകാര്‍ക്ക് പൂക്കളമൊരുക്കാനായി ഈ പൂക്കള്‍ മുഴുവന്‍ സൗജന്യമായി നല്‍കാനാണ് ഷെരീഫിന്റെ തീരുമാനം. എന്തുകൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുത്തു എന്ന ചോദ്യത്തിന് ഷെരീഫിന്റെ മറുപടി ഇങ്ങനെ.
ഓണത്തിന് തൊട്ടു മുന്നെയെത്തുന്ന ബക്രീദ് ദിനത്തില്‍ ഇവിടെയെത്തുന്ന ആര്ക്കും തോട്ടത്തില്‍ നിന്നും പൂക്കള്‍ അടര്‍ത്തി ക്കൊണ്ടുപോകാം. മാത്രവുമല്ല, പൂക്കള്‍ ശേഖരിക്കാനെത്തുന്നവര്‍ക്കെല്ലാം പായസം ഉണ്ടാക്കി നല്‍കാനും ഷെരീഫ് തീരുമാനിച്ചിട്ടുണ്ട്. രണ്ട് ക്വിന്റലിലധികം പൂക്കള്‍ ഈ തോട്ടത്തിലുണ്ടന്നാണ് ഏകദേശ കണക്ക്.