അസ്‍ലം വധക്കേസിലെ കൊലയാളികളെ പിടികൂടാത്തതിന് പിന്നില്‍ സി.പി.എം സമ്മര്‍ദ്ദമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
അസ്‍ലം വധക്കേസിലെ യഥാര്‍ഥ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും നടപടി മാത്രമുണ്ടായില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‍ലം വധക്കേസിലെ കൊലയാളികളെ പിടികൂടാത്തതിന് പിന്നില്‍ സി.പി.എം സമ്മര്‍ദ്ദമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കുറ്റവാളികളെ പിടികൂടും വരെ മുസ്ലിം ലീഗ് സമരം നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അസ്‍ലം വധക്കേസില്‍ സി.പി.എമ്മും പൊലീസും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് നാദാപുരത്ത് മുസ്ലിം ലീഗിന്റെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസ്‍ലം വധക്കേസിലെ യഥാര്‍ഥ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും നടപടി മാത്രമുണ്ടായില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. നാദാപുരം മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റ് പന്ത്രണ്ടിനാണ് മുഹമ്മദ് അസ്‍ലം കൊല്ലപ്പെടുന്നത്. അസ്‍ലമിന്റെ കൊലയാളികള്‍ക്ക് സഹായങ്ങള്‍ നല്‍കിയ ആറുപേര്‍ ഇതുവരെ അറസ്റ്റിലായി. സംഭവം നടന്ന് നാല്പത് ദിനം പിന്നിട്ടിട്ടും കൊലപാതകം നടത്തിയവരെ പൊലീസ് പിടികൂടാനാകാത്ത സാഹചര്യത്തിലാണ് ലീഗ് പ്രതിഷേധ സംഗമം നടത്തിയത്. സമരത്തിന് കോണ്‍ഗ്രസ് എല്ലാ പിന്തുണയും നല്‍കുമെന്ന് സംഗമത്തില്‍ പങ്കെടുത്ത മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി പറഞ്ഞു. എന്നാല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പുറത്തുവിടാനാകില്ലെന്നുമാണ് നാദാപുരം പൊലീസിന്റെ നിലപാട്.