സ്വാശ്രയ മാനേജ്മെന്റുകള്‍ പുതിയ കോളജുകള്‍ക്കായി അപേക്ഷ നല്‍കി
പുതിയ സ്വാശ്രയ കോളജുകള്‍ ആരംഭിക്കില്ലെന്ന ഇടത് സര്‍ക്കാരിന്റെ നിലപാട് നിലനില്‍ക്കെ ആറ് സ്വാശ്രയ മാനേജ്മെന്റുകള്‍ കോളജുകള്‍ ആരംഭിക്കാന്‍ ആരോഗ്യ സര്‍വ്വകലാശാലയില്‍ അപേക്ഷ നല്‍കി
പുതിയ സ്വാശ്രയ കോളജുകള്‍ ആരംഭിക്കില്ലെന്ന ഇടത് സര്‍ക്കാരിന്റെ നിലപാട് നിലനില്‍ക്കെ ആറ് സ്വാശ്രയ മാനേജ്മെന്റുകള്‍ കോളജുകള്‍ ആരംഭിക്കാന്‍ ആരോഗ്യ സര്‍വ്വകലാശാലയില്‍ അപേക്ഷ നല്‍കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുമതി പത്രം ലഭിച്ച മാനേജ്മെന്റുകളാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ തീമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്ന നിലപാടിലാണ് സര്‍വകലാശാല.
പുതിയ സ്വാശ്രയ കോളജുകള്‍ക്ക് ആരോഗ്യ സര്‍വകലാശാല വിജ്ഞാപനം ക്ഷണിച്ച പശ്ചാത്തലത്തിലാണ് ആറ് സ്വാശ്രയ മാനേജ്മെന്റുകള്‍ എന്‍ഒസി സഹിതം സര്‍വകലാശാലയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരാണ് ആറ് സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ക്ക് എന്‍ഒസി നല്‍കിയത്. ഇതിനൊപ്പം സര്‍ക്കാര്‍ മേഖലയില്‍ പാരിപ്പിള്ളി, കോന്നി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മെഡിക്കല്‍ കോളജുകള്‍ക്കും സ്വാശ്രയ മേഖലയില്‍ ഓരോ നഴ്സിംഗ്, ഫാര്‍മസി, ആയുര്‍വേദ കോളേജുകള്‍ക്കും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ എന്‍ഒസി നല്‍കിയിരുന്നു. സര്‍വ്വകലാശാല നടപടിക്രമമനുസരിച്ച് എന്‍ഒസി ലഭിച്ച മാനേജ്മെന്റുകള്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ സ്ഥലപരിശോധന നടത്തി അനുമതി നല്‍കുകയാണ് പതിവ്. എന്നാല്‍ സര്‍ക്കാരിന് തീരുമാനം വിട്ടിരിക്കുകയാണ് സര്‍വകലാശാല.
എന്‍ഒസി റദ്ദാക്കാനുള്ള അവകാശം സര്‍വകലാശാലക്കില്ല. അതുകൊണ്ട് അനുമതി റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ മാത്രമേ ആരോഗ്യ സര്‍വകലാശാലക്ക് മുന്നോട്ടുപോകാനാകൂ. എന്‍ഒസി റദ്ദാക്കിയാല്‍ മാനേജ്മെന്റുകള്‍ നിയമപരമായി നീങ്ങാനും സാധ്യത നിലനില്‍ക്കുന്നുണ്ട്.