ചെമ്പ്ര എസ്റ്റേറ്റ് നിയമവിരുദ്ധമായി ലോക്കൗട്ട് ചെയ്തതിനെതിരെ തൊഴിലാളികള്‍ സമരത്തിന്
ലീഗ് നേതാവ് പിവി അബ്ദുള്‍ വഹാബ് എംപിയുടെ ഉടമസ്ഥതയിലുള്ള തോട്ടം കഴിഞ്ഞ ദിവസമാണ് നോട്ടിസ് പോലും നല്‍കാതെ ലോക്കൗട്ട് ചെയ്തത്.
വയനാട് മേപ്പാടിയിലെ ചെമ്പ്ര എസ്റ്റേറ്റ് നിയമവിരുദ്ധമായി ലോക്കൗട്ട് ചെയ്തതിനെതിരെ തൊഴിലാളികള്‍ സത്യഗ്രഹ സമരത്തിലേയ്ക്ക്. ലീഗ് നേതാവ് പിവി അബ്ദുള്‍ വഹാബ് എംപിയുടെ ഉടമസ്ഥതയിലുള്ള തോട്ടം കഴിഞ്ഞ ദിവസമാണ് നോട്ടിസ് പോലും നല്‍കാതെ ലോക്കൗട്ട് ചെയ്തത്.
ഒക്ടോബര്‍ 24നാണ് തോട്ടം ലോക്കൗട്ട് ചെയ്തുകൊണ്ട് മാനേജ്‌മെന്റ് നോട്ടിസ് പതിച്ചത്. നിയമപ്രകാരം ആറാഴ്ച മുന്‍പ് നോട്ടീസ് നല്‍കിയ ശേഷമേ ഒരു തോട്ടം ലോക്കൗട്ട് ചെയ്യാവു. തോട്ടം പൂട്ടിയതോടെ, 320 തൊഴിലാളികളും അവരെ ആശ്രയിച്ചു ജീവിയ്ക്കുന്നവരും പ്രതിസന്ധിയിലായി. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രക്ഷോഭം തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സത്യഗ്രഹ സമരത്തിലേയ്ക്കു മാറും.
തൊള്ളായിരം ഏക്കര്‍ സ്ഥലത്തെ തേയില തോട്ടമാണ് ചെമ്പ്ര എസ്‌റ്റേറ്റ്. കഴിഞ്ഞ കുറച്ചു കാലങ്ങളായി തോട്ടത്തിലെ പ്രവര്‍ത്തികള്‍ കൃത്യമായി നടക്കാറില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. അനധികൃത തോട്ടം ലോക്കൗട്ടിനെതിരെ തൊഴില്‍ വകുപ്പിനെയും സര്‍ക്കാറിനേയും സമീപിയ്ക്കാനുള്ള തീരുമാനത്തിലാണ് തൊഴിലാളി സംഘടനകള്‍.