സര്‍ക്കാരിലെ മുഴുവന്‍ അംഗങ്ങള്‍ക്കും പെരുമാറ്റച്ചട്ടം വേണമെന്ന് സിപിഐ

Update: 2018-05-09 19:24 GMT
Editor : Alwyn K Jose
സര്‍ക്കാരിലെ മുഴുവന്‍ അംഗങ്ങള്‍ക്കും പെരുമാറ്റച്ചട്ടം വേണമെന്ന് സിപിഐ
Advertising

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കും പെരുമാറ്റചട്ടം ബാധകമാക്കണം. സിപിഎമ്മിനെ സിപിഐ വിമര്‍ശിക്കുന്നത് തെറ്റ് ചൂണ്ടിക്കാട്ടാനാണ്.

സംസ്ഥാന സര്‍ക്കാരിലെ മുഴുവന്‍ പേര്‍ക്കും കൃത്യമായ പെരുമാറ്റച്ചട്ടം അനിവാര്യമാണെന്ന് സിപിഐ ദേശീയ സെക്രട്ടറി സുധാകര്‍റെഢി അഭിപ്രായപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്കും പെരുമാറ്റചട്ടം ബാധകമാക്കണം. സിപിഎമ്മിനെ സിപിഐ വിമര്‍ശിക്കുന്നത് തെറ്റ് ചൂണ്ടിക്കാട്ടാനാണ്. അല്ലാതെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ മീഡിയവണിനോട് സംസാരിക്കുകയായിരുന്നു സുധാകര്‍ റെഢി.

ബന്ധുനിയമന വിവാദത്തില്‍ ഇപി ജയരാജന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട മുഴുവന്‍ പേര്‍ക്കും പെരുമാറ്റചട്ടം ഏര്‍പ്പെടുത്തണെന്ന് സുധാകര്‍ റെഢി പറഞ്ഞു. അഴിമതി കുറക്കാന്‍ കേരളത്തിലെ ഇടതുസര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. എന്നാല്‍, ജനങ്ങള്‍ അര്‍പ്പിച്ച വലിയ പ്രതീക്ഷ തകരാതെ നോക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. തെറ്റുകള്‍ തിരുത്താനാണ് ജനപക്ഷത്തു നിന്ന് സിപിഐ സിപിഎമ്മിനെ വിമര്‍ശിക്കുന്നത്. ഇതിനെ തമ്മിലടിയായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു

പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ച സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്റെ പുസ്തകം പ്രകാശനം ചെയ്യാനാണ് സുധാകര്‍റെഢി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ എത്തിയത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News