യുഎപിഎ: മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലെന്ന് മനുഷ്യാവകാശ പ്രസ്ഥാനം
സര്‍ക്കാര്‍ ജീവനക്കാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ രജീഷ് കൊല്ലക്കണ്ടിക്കെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കണമെന്ന് നേതാക്കള്‍
യുഎപിഎ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വിശ്വാസമില്ലെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം. മാവോയിസ്റ്റ് വേട്ടക്കെതിരായ ജനരോഷം തണുപ്പിക്കാനാണ് ഇപ്പോഴത്തെ ശ്രമം. സര്‍ക്കാര്‍ ജീവനക്കാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ രജീഷ് കൊല്ലക്കണ്ടിക്കെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കാന്‍ പോലീസ് തയ്യാറാകണമെന്നും നേതാക്കള്‍ കോഴിക്കോട് ആവശ്യപ്പെട്ടു.
യുഎപിഎ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ പ്രയോഗിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന ഇരട്ടത്താപ്പാണെന്നാണ് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്‍റെ നിലപാട്. യുഎപിഎ ചുമത്തിയ പഴയ കേസുകളില്‍ പോലും ആളുകളെ തിരഞ്ഞ് പിടിച്ച് ഉള്‍പ്പെടുത്തുകയാണ്. ഇതില്‍ മാറ്റമൊന്നുമുണ്ടാകില്ലെന്ന് കരുതുന്നതായും മനുഷ്യാവകാശ പ്രസ്ഥാനം നേതാക്കള്‍ പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരനായ രജീഷ് കൊല്ലക്കണ്ടിക്കെതിരായി യുഎപിഎ ചുമത്തിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിദാനന്ദന്‍, മീന കന്തസാമി, ബിആര്‍പി ഭാസ്കര്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.