അടൂര്‍ പ്രകാശിനെതിരെ ത്വരിത പരിശോധനക്ക് ഉത്തരവ്

Update: 2018-05-09 01:01 GMT
Editor : admin
അടൂര്‍ പ്രകാശിനെതിരെ ത്വരിത പരിശോധനക്ക് ഉത്തരവ്
Advertising

സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമിയിടപാട് കേസില്‍ ഭൂമി നികത്താന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടുള്ളത്.

റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെ ത്വരിതപരിശോധനയ്ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. സന്തോഷ് മാധവനുള്‍പ്പെട്ട ഭൂമിദാന കേസിലാണ് ഉത്തരവ്. സന്തോഷ് മാധവനും റവന്യൂ സെക്രട്ടറിയുമടക്കമുള്ളവര്‍ക്കെതിരേയും ത്വരിതപരിശോധനയ്ക്ക് കോടതി ഉത്തരവിട്ടു. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

വടക്കന്‍ പറവൂരിലെ പുത്തന്‍വേലിക്കരയിലും കൊടുങ്ങല്ലൂരിലുമായി 122 ഏക്കര്‍ ഭൂമി ഭൂപരിധി വ്യവസ്ഥയില്‍ ഇളവ് നല്‍കികൊണ്ട് മറിച്ചുകൊടുത്ത സര്‍ക്കാര്‍ നടപടിയില്‍ അഴിമതിയുണ്ടെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയിന്‍മേലാണ് ത്വരിതപരിശോധനയ്ക്ക് കോടതി ഉത്തരവിട്ടത്. കളമശ്ശേരി സ്വദേശി ഗിരീഷ്ബാബു സമര്‍പ്പിച്ച ഹര്‍ജിയിന്‍മേല്‍ 5 പേര്ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കേസില്‍ ഒന്നാം എതിര്‍കക്ഷിയായ മുഖ്യമന്ത്രിക്കെതിരെ നിലവില്‍ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്ന് വിജിലന്‍സ് കോടതി പറഞ്ഞു.

മന്ത്രി അടൂര്‍ പ്രകാശ്, റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോക്ടര്‍ വിശ്വാസ് മേത്ത, സന്തോഷ് മാധവന്‍, സന്തോഷ് മാധവന്‍റെ ബിനാമി സ്ഥാപനമായ ആര്‍ എം ഇസഡ് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസട്രക്ചര്‍ ലിമിറ്റഡ്, കന്പനി മാനേജിങ് ഡയറക്ടര് ബിഎം ജയശങ്കര്‍, എന്നിവര്‍ക്കെതിരേയാണ് ത്വരിത പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടത്, ചട്ടങ്ങള്‍ ലംഘിച്ച് ഭൂമി കൈമാറ്റം നടത്തിയത് സമ്മര്‍ദ്ദത്തിനും സ്വാധീനത്തിനും വഴങ്ങിയാണെന്നും സാന്പത്തികലാഭം മാത്രം ലക്ഷ്യംവെച്ചാണെന്നുമായിരുന്നു ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നത്. ഇതില്‍ പ്രഥമദൃഷ്ട്യ കഴന്പുണ്ടെന്ന് നിരീക്ഷിച്ച കോടതി എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍തന്നെ അന്വേഷണം നടത്തണമെന്നും ഉത്തരവിട്ടു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News