തെറ്റുകളുടെ കൂടാരമായി കേരള യൂണിവേഴ്സ്റ്റിയുടെ മഹാനിഘണ്ടു
പതിനായിരത്തിലധികം തെറ്റുകള്‍ കടന്നുകൂടിയ നിഘണ്ടു പിന്‍വലിക്കണമെന്ന ആവശ്യവും ശക്തം
അബദ്ധ പഞ്ചാംഗമായി മലയാളം മഹാനിഘണ്ടു. കേരള യൂണിവേഴ്സറ്റിയുടെ മലയാളം മഹാനിഘണ്ടുവിന്റെ 9ാം വോളിയമാണ് തെറ്റുകളുടെ ശബ്ദകോശമായത്. പതിനായിരത്തിലധികം തെറ്റുകള്‍ കടന്നുകൂടിയ നിഘണ്ടു പിന്‍വലിക്കണമെന്ന ആവശ്യവും ശക്തം.
പീ മുതല്‍ പ്ര വരെയുള്ള അക്ഷരങ്ങളില്‍ തുടങ്ങുന്ന വാക്കുകളുള്ള നിഘണ്ടുവില്‍ പ്രധാനമന്ത്രി എന്ന പദം ഇല്ല. പ്രഥമാധ്യാപകന്‍, പ്രവാസി മലയാളി, പ്രസവശുശ്രുഷ തുടങ്ങി ഉള്‍പ്പെടുത്താത്ത പദങ്ങള്‍ മാത്രം ഒരു നിഘണ്ടു ആയി ഇറക്കാന്‍ കഴിയും. ഉള്‍പ്പെടുത്തിയ പദങ്ങള്‍ക്ക് പതിവായി ഉപയോഗിക്കുന്ന അര്‍ഥം പോലും നല്‍കിയിട്ടില്ല. പ്രസിഡന്‍റ് എന്ന പദത്തിന് രാഷ്ട്രപതി എന്ന അര്‍ഥം നല്‍കിയിട്ടില്ല. പുലിമുട്ടിന് ആറ്റുവക്കും മറ്റും ഇടിഞ്ഞുപോകാതിരിക്കാന്‍ വേണ്ടി കെട്ടുന്ന മതില്‍ എന്ന അര്‍ഥം മാത്രമാണ് നല്‍കിയത്. പൊള്ള എന്ന വാക്കിന് കഴമ്പില്ലാത്തത് എന്ന അര്‍ഥം കൊടുത്തിട്ട് നല്‍കിയ ഉദാഹരണം ചപ്പാത്തി കനലിലിട്ട് ചുടുമ്പോള്‍ പൊന്തുന്ന പൊള്ള എന്നാണ്. അര്‍ഥത്തിലും ഉദാഹരണത്തിലും ഇംഗ്ലീഷ് അര്‍ഥം നല്‍കിയതിലും എല്ലാം തെറ്റോട് തെറ്റ്. നിഘണ്ടുകളിലെ തെറ്റുകളെ 27 തലക്കെട്ടായി തിരിച്ച് ഭാഷാ സ്നേഹികള്‍ അഴിമതി പ്രതിരോധ വേദിയുടെ നേതൃത്വത്തില്‍ ഗവര്‍ണര്‍ക്കും സര്‍ക്കാരിനും പരാതി നല്‍കി.
നിഘണ്ടു പിന്‍വലിച്ച് തെറ്റുതിരുത്തി ഇറക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ആവശ്യം. ഗുണ്ടര്‍ട്ട് നിഘണ്ടുവും ശബ്ദതാരാവലിക്കും ശേഷമുണ്ടായ മലയാള ഭാഷയിലെ വികാസത്തെപ്രതിനിധീകരിക്കാനാണ് മലയാളം മഹാനിഘണ്ടു നിര്‍മാണത്തിന് ശൂരനാട് കുഞ്ഞന്‍പിള്ളയുടെ നേതൃത്വത്തില്‍ കേരള യൂണിവേഴ്സ്സിറ്റി ശ്രമം തുടങ്ങിയത്.