അടിയന്തരാവസ്ഥാ സമരക്കാർക്ക് പെന്‍ഷന്‍ നല്‍കില്ല

Update: 2018-05-09 03:38 GMT
അടിയന്തരാവസ്ഥാ സമരക്കാർക്ക് പെന്‍ഷന്‍ നല്‍കില്ല
Advertising

പിണറായി വിജയനും തോമസ് ഐസക്കും ഉള്‍പ്പെടെയുള്ളവർ അടിയന്തരാവസ്ഥയുടെ പീഡനം അനുഭവിച്ചവരായിട്ടും തങ്ങളുടെ ആവശ്യം നിഷേധിക്കപ്പെടുന്നതില്‍ അടിയന്തരാവസ്ഥാ തടവുകാർക്ക് പ്രതിഷേധമുണ്ട്.

അടിയന്തരാവസ്ഥയില്‍ പീഡനങ്ങള്‍ക്ക് ഇരയായവർക്ക് ആനുകൂല്യം നല്‍കേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. ഇക്കാര്യം വിശദമായി പരിശോധിച്ച സർക്കാർ ആനുകൂല്യങ്ങള്‍ നല്‍കാന്‍ നടപടി ആവശ്യമില്ലെന്ന് തീരുമാനിക്കുകയായിരുന്നു. അടിയന്തരാവസ്ഥ തടവുകാരെ രാഷ്ട്രീയ തടവുകാരായി അംഗീകരിച്ച് പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് ആഭ്യന്തര വകുപ്പിന്‍റെ തീരുമാനം.

Full View

അടിയന്തരാവസ്ഥ തടവുകാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് എമർജന്‍സി വിക്ടിംസ് ജനറല്‍ സെക്രട്ടറി ആർ മോഹന്‍ നല്‍കിയ നിവേദനത്തിനുള്ള മറുപടിയിലാണ് ആനുകൂല്യം നല്‍കേണ്ടതില്ലെന്ന് സർക്കാർ തീരുമാനം അറിയിച്ചത്. രാജസ്ഥാന്‍, ബീഹാർ, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, പഞ്ചാബ്, ഹരിയാന ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥക്കാലത്ത് പീഡനവും ജയില്‍ ശിക്ഷയും അനുഭവിച്ചവർക്ക് പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കുന്നുണ്ടെന്നും ഇത് കേരളത്തിലും അനുവദിക്കണമെന്നും ആയിരുന്നു ആവശ്യം. മാപ്പിള കലാപം, ഖിലാഫത്ത് പ്രസ്ഥാനം, പുന്നപ്ര വയലാർ, മൊറാഴ, കാവുമ്പായി തുടങ്ങിയ രാഷ്ട്രീയ സമരങ്ങളെ അംഗീകരിച്ച് പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ആർഎസ്എസ്- ജനസംഘം, നക്സലൈറ്റുകള്‍, സിപിഎം, സോഷ്യലിസ്റ്റുകള്‍, ജമാഅത്തെ ഇസ്ലാമി, അഖിലേന്ത്യാ മുസ്ലിം ലീഗ്, ഗാന്ധിയന്‍ സംഘടനകള്‍ എന്നിവയുടെ പ്രവർത്തകരാണ് ജയിലില്‍ കഴിയുകയും പീഡനം അനുഭവിക്കുകയും ചെയ്തത്. മുന്‍ നക്സലൈറ്റുകളുടെ നേതൃത്വത്തിലുള്ള അടിയന്തരാവസ്ഥാ തടവുകാരുടെ സമിതിയും തടവുകാരെ സ്വാതന്ത്ര്യ പോരാളികളായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്കും സംസ്ഥാന സർക്കാരിനും നോട്ടീസ് അയച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ഉള്‍പ്പെടെയുള്ളവർ അടിയന്തരാവസ്ഥയുടെ പീഡനം അനുഭവിച്ചവരായിട്ടും തങ്ങളുടെ ആവശ്യം നിഷേധിക്കപ്പെടുന്നതില്‍ അടിയന്തരാവസ്ഥാ തടവുകാർക്ക് പ്രതിഷേധമുണ്ട്.

Tags:    

Similar News