ബോട്ടില്‍ കപ്പലിടിച്ച സംഭവത്തില്‍ അറസ്റ്റ് വൈകും
കപ്പലില്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ ഡാറ്റ റെക്കോഡുകളിലെ വിവരങ്ങങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലം ലഭിക്കാനുള്ള താമസമാണ് ഇതിന് കാരണം.
മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച സംഭവത്തില്‍ നാവികന്റെയടക്കം അറസ്റ്റ് വൈകും. കപ്പലില്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ വിവരങ്ങളുടെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാവാത്തതിനാണിത്. ഇത് സംബന്ധിച്ച തുടര്‍ നടപടികളിലേക്ക് കടക്കാന്‍ സംയുക്ത അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.
ഫോര്‍ട്ട് കൊച്ചി പുറംകടലില്‍ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച സംഭവത്തില്‍ കപ്പലിന്റെ ക്യാപ്റ്റനുള്‍പെടെയുള്ളവരുടെ അറസ്റ്റും ഇതര പൊലീസ് നടപടികളും വൈകും. കപ്പലില്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ ഡാറ്റ റെക്കോഡുകളിലെ വിവരങ്ങങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലം ലഭിക്കാനുള്ള താമസമാണ് ഇതിന് കാരണം. മറൈന്‍ മര്‍ക്കന്റൈല്‍ വിഭാഗമാണ് ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത്. ഇതിന് കൂടുതല്‍ സമയമെടുക്കുമെന്ന് എംഎംഡി അധികൃധര്‍ അന്വേഷണ സംഘത്തെ അറിയിച്ചു.
കേസിലെ തുടര്‍ നടപടികള്‍ക്ക് കോടതിയുടെ അനുമതി ആവശ്യമാണ്. ഇതിനായുള്ള അപേക്ഷയും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. മട്ടാഞ്ചേരി എസിപി എസ് വിജയന്‍, കോസ്റ്റല്‍ പോലീസ് സിഐ ടിഎം വര്‍ഗീസ് എന്നിവര്‍ക്കാണ് കേസിന്റെ അന്വേഷണ ചുമതല. കപ്പല്‍ ദിശമാറി സഞ്ചരിച്ചിട്ടുണ്ടോ ദൂരപരിധി ലംഘിച്ചിട്ടുണ്ടോ ആംബര്‍ എല്‍ തന്നെയാണോ അപകടമുണ്ടാക്കിയത് എന്നിവയെല്ലാം ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തമാകൂ.