ആവശ്യപ്പെടാതെ കൊണ്ടിടാന്‍ ലീഗിന്റെ വോട്ട് പെട്ടി നേര്‍ച്ചപ്പെട്ടിയല്ലെന്ന് കാന്തപുരം വിഭാഗം
നിയമസഭാതെരഞ്ഞെടുപ്പിലെ നിലപാടിനെ ചൊല്ലി മുസ്‍ലിം ലീഗും കാന്തപുരം സുന്നി വിഭാഗവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നു.
നിയമസഭാതെരഞ്ഞെടുപ്പിലെ നിലപാടിനെ ചൊല്ലി മുസ്‍ലിം ലീഗും കാന്തപുരം സുന്നി വിഭാഗവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ സംസ്ഥാന വ്യാപകമായി ഇടതുപക്ഷത്തെ പിന്തുണക്കാന്‍ കാന്തപുരം എപി അബൂബക്‍ര്‍ മുസ്‍ലിയാര്‍ സംഘടനാതലത്തിലൂടെ അണികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മണ്ണാര്‍ക്കാട്ട് ലീഗ് സ്ഥാനാര്‍ഥി അഡ്വ എന്‍ ശംസുദ്ദീനെ പരാജയപ്പെടുത്താന്‍ മര്‍കസ് പുര്‍വ്വ വിദ്യാര്‍ഥി സമ്മേളനത്തില്‍ ആഹ്വാനം ചെയ്യുകയുമുണ്ടായി. മണ്ണാര്‍ക്കാട്ട് ഇരട്ടക്കൊലപാതകം, വഖഫ് ബോര്‍ഡിലെ പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളില്‍ ലീഗിന്‍റെ നിലപാടിനെ തുടര്‍ന്നാണ് ഇടതുപക്ഷ അനുകൂല നിലപാടെടുത്തതെന്ന് കാന്തപുരം വ്യക്തമാക്കിയിരുന്നു. അതേ സമയം കാന്തപുരം സംഘ്‍പരിവാര്‍ അനുകൂല നിലപാടെടുക്കുകയാണെന്നാണ് ലീഗിന്‍റെ നിലപാട്. മഞ്ചേശ്വരത്ത് കാന്തപുരം വിഭാഗം ബിജെപിക്ക് സഹായകരമായ നിലപാടെടുത്തുവെന്ന് ലീഗ് തെരഞ്ഞെടുപ്പവലോകന യോഗം വിലയിരുത്തുകയുമുണ്ടായി. ഇതിനെ തുടര്‍ന്നാണ് ആരോപണപ്രത്യാരോപണങ്ങള്‍ മൂര്‍ച്ചിച്ചത്. സിറാജ് ദിനപത്രത്തില്‍ 3 ദിവസമായി പ്രസിദ്ധീകരിച്ച ലേഖന പരമ്പരയിലാണ് കാന്തപുരം വിഭാഗം നിലപാട് വ്യക്തമാക്കിയത്. ഒ.എം തരുവണയാണ് ലേഖകന്‍. മഞ്ചേശ്വരത്ത് തങ്ങള്‍ക്കെതിരെ വോട്ട് ദാനം ആരോപിക്കുന്ന ലീഗ് നേമത്ത് ബിജെപിയെ സഹായിച്ചുവെന്ന് ലേഖകന്‍ ആരോപിക്കുന്നു. സുന്നികള്‍ക്ക് നേരെ നടന്ന ഒരക്രമണത്തെയും ഇന്നുവരെ തള്ളിപ്പറയാത്ത ലീഗ് നേതൃത്വത്തിന് സുന്നികളുടെ വോട്ട് ചോദിക്കാന്‍ ധാര്‍മ്മികാവശമില്ല. മഞ്ചേശ്വരത്ത് എന്നല്ല, ഒരിടത്തും ലീഗ് നേതൃത്വം സുന്നീ നേതൃത്വത്തോട് ഇത്തവണ സഹായം ചോദിച്ചിട്ടില്ല. ചോദിച്ചിട്ടില്ലാത്ത സഹായം കിട്ടിയില്ല എന്നാണ് ലീഗിന് പരാതി. ആവശ്യപ്പെടാതെ കൊണ്ടിടാന്‍ ലീഗിന്റെ വോട്ട് പെട്ടി വഴിവക്കില്‍ സ്ഥാപിച്ച നേര്‍ച്ചപ്പെട്ടിയല്ലെന്ന് പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്. കാന്തപുരത്തെ രൂക്ഷമായി വിമര്‍ശിച്ച് മുസ്‍ലിംലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ് ചന്ദ്രിക ദിനപത്രത്തിലും സുപ്രഭാതം ദിനപത്രത്തിലും എഴുതിയ ലേഖനമാണ് ആരോപണ പ്രത്യാരോപണ പരമ്പരയിലെ പുതിയ വാര്‍ത്ത.