ഒരിക്കല്‍ മണ്ണില്‍ പൊന്നുവിളയിച്ചു; 80ആം വയസ്സില്‍ ജപ്തിഭീഷണി
കര്‍ഷ ദുരിതത്തിന്റെ നേര്‍സാക്ഷ്യപത്രങ്ങളാണ് മയിലമ്മയും നഞ്ചമ്മയും. രണ്ട് പേരും 80 വയസ്സ് പിന്നിട്ടവര്‍
തമിഴ്‍നാട് പാലക്കാട് അതിര്‍ത്തി മേഖലയിലെ കര്‍ഷ ദുരിതത്തിന്റെ നേര്‍സാക്ഷ്യപത്രങ്ങളാണ് മയിലമ്മയും നഞ്ചമ്മയും. വായ്പയെടുത്തതിന്റെ ഇരട്ടിയിലധികം തുക എങ്ങനെ തിരിച്ചടക്കും എന്നതാണ് ഇവരുടെ മുന്നിലെ വലിയ ചോദ്യം.
മണ്ണില്‍ പൊന്നു വിളയിച്ച ഭൂതകാലമുണ്ട് വടകരപ്പതിക്കാരായ നഞ്ചമ്മക്കും മയിലമ്മയ്ക്കും. രണ്ട് പേരും 80 വയസ്സ് പിന്നിട്ടവര്‍. മൂന്ന് വര്‍ഷം മുന്‍പ് വലിയ പ്രതീക്ഷകളോടെയായിരുന്നു കാര്‍ഷിക ലോണെടുത്തത്. പക്ഷെ മഴയും വിളവും എതിരായി. തിരിച്ചടവ് മുടങ്ങി. ഭീമമായ പലിശയും മുതലും അടയ്ക്കാന്‍ മാര്‍ഗ്ഗമില്ല.
മൂന്നു ലക്ഷം രൂപയാണ് നഞ്ചമ്മ എസ്ബിടി ശാഖയില്‍ നിന്നും ലോണെടുത്തത്. ഇപ്പോള്‍ ഏഴു ലക്ഷം തിരിച്ചടക്കണം. ഇതിനിടയില്‍ അടച്ച തുകയെക്കുറിച്ച് ധാരണയില്ല. ജപ്തി നടപടികളുടെ ഭാഗമായി ഭൂമി അധികൃതര്‍ തിട്ടപ്പെടുത്തിയിട്ടുണ്ട്. ഒന്നേമുക്കാല്‍ ലക്ഷം രൂപ വായ്പയെടുത്ത മയിലമ്മ മൂന്നു ലക്ഷം തിരിച്ചടക്കണം. വെള്ളം കിട്ടാതെയാണ് കൃഷി ഉണങ്ങിപ്പോയിതിനാലാണ് തിരിച്ചടവ് മുടങ്ങിയത്. പച്ചക്കറി വിലയുള്ളപ്പോള്‍ ഉല്‍പാദനമുണ്ടായില്ല. മെച്ചപ്പെട്ട വിളവുണ്ടായപ്പോള്‍ ലാഭം ഇടനിലക്കാര്‍ കൊയ്തു. നിലവിലെ സാഹചര്യത്തില്‍ കൃഷി ഇവര്‍ക്ക് മുന്നോട്ടു കൊണ്ടുപോകാനാവില്ല.