കുഴല്‍ക്കിണറുകളിലും വറ്റി; കിഴക്കന്‍മേഖലയിലെ കര്‍ഷകര്‍ ദുരിതത്തില്‍
വടകരപ്പതി, കൊഴിഞ്ഞാന്പാറ പഞ്ചായത്തുകളില്‍ മൂവയിരത്തോളം കുഴല്‍ക്കിണറുകള്‍ ഉണ്ടെങ്കിലും വലിയൊരു ശതമാനവും ആവശ്യത്തിന് കര്‍ഷകര്‍ക്ക് ഗുണകരമാകുന്നില്ല ...
പാലക്കാട്-തമിഴ്നാട് അതിര്‍ത്തി മേഖലയില്‍ ജപ്തിഭീഷണി നേരിടുന്ന കര്‍ഷകരുടെ തിരിച്ചടവ് മുടങ്ങുന്നതിന്‍റെ അടിസ്ഥാനകാരണം മഴക്കാലത്തടക്കം കൃഷിയിടങ്ങളിലെ രൂക്ഷമായ വെള്ളക്ഷാമമാണ്. മേഖലയിലെ പല പച്ചക്കറിത്തോട്ടങ്ങളിലും ഇപ്പോഴും നനവിന് വെള്ളമില്ല. വടകരപ്പതി, കൊഴിഞ്ഞാന്പാറ പഞ്ചായത്തുകളില്‍ മൂവയിരത്തോളം കുഴല്‍ക്കിണറുകള്‍ ഉണ്ടെങ്കിലും വലിയൊരു ശതമാനവും ആവശ്യത്തിന് കര്‍ഷകര്‍ക്ക് ഗുണകരമാകുന്നില്ല എന്നതാണ് വാസ്തവം.
വെള്ളം വലിയ രീതിയില്‍ ആവശ്യമുള്ള വിളകളിലൊന്നാണ് കരിന്പ്.ഒരു കാലത്ത് സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കരിന്പ് കൃഷി ചെയ്ത വില്ലേജുകളില്‍ ചിലതായിരുന്നു ഒഴലപ്പതി വടകരപ്പതി എന്നതു തന്നെ ഈ മേഖലയുടെ പോയ കാലത്തെ സമൃദ്ധി തെളിയിക്കുന്നു. എന്നാല്‍ കാലവസ്ഥയില്‍ വന്ന ഗണ്യമായ മാറ്റം കര്‍ഷകരെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. സമീപ കാലങ്ങളില്‍ കരിന്പില്‍ നിന്നും ചോളവും പച്ചക്കറിക്കൃഷികളും കര്‍ഷകര്‍ മാറി മാറി പരീക്ഷിച്ചു. കിണറുകളിലെയും ചാലുകളിലെയും വെള്ളം ഗണ്യമായി കുറഞ്ഞത് കൃഷിയെ തളര്‍ത്തി.
മൂവായിരത്തോളം കുഴല്‍ക്കിണറുകള്‍ ഈ രണ്ടു വില്ലേജുകളിലായി ഉണ്ട് എന്നാണ് കണക്ക്. എന്നാല്‍ ഭൂരിഭാഗത്തിലും ആവശ്യത്തിന് വെള്ളമില്ല എന്ന് കര്‍ഷകര്‍ പറയുന്നു. കാലവര്‍ഷമായിട്ടും കൃഷിത്തോട്ടങ്ങളില്‍ കടുത്ത വെള്ളക്ഷാമം. വെള്ളം ലഭ്യമാക്കുന്നതിന് മറ്റ് ബദല്‍ മാര്‍ഗ്ഗം ഒരുക്കിയില്ലെങ്കില്‍ കൃഷി പൂര്‍ണമായും ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തി കര്‍ഷകര്‍.