പ്രവര്‍ത്തകര്‍ക്കെതിരായ അക്രമത്തെ കുറിച്ചന്വേഷിക്കാന്‍ ബിജെപി എംപി സംഘം കണ്ണൂരില്‍
സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ അക്രമണത്തിനിരയായ ബിജെപി പ്രവര്‍ത്തകരെ നാളെ സംഘം സന്ദര്‍ശിക്കും.
കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ അമിത്ഷാ നിയോഗിച്ച എം.പിമാരുടെ സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് ഹൈക്കോടതി സിറ്റിങ്ങ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്രയാദവ് ആവശ്യപ്പെട്ടു.
ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജ, എം.പിമാരായ ഭൂപേന്ദ്രയാദവ്, ആനന്ദ്കുമാര്‍ ഹെഗ്ഡെ, നളിന്‍ കുമാര്‍ കട്ടില്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. പയ്യന്നൂരില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സി.കെ രാമചന്ദ്രന്റെ വീട്ടില്‍ നിന്നാണ് സംഘം സന്ദര്‍ശനം തുടങ്ങിയത്. തുടര്‍ന്ന് വിവിധ അക്രമങ്ങളില്‍ പരിക്കേറ്റവരെയും അക്രമത്തില്‍ നാശനഷ്ടമുണ്ടായ വീടുകളും സ്ഥാപനങ്ങളും ഇവര്‍ സന്ദര്‍ശിച്ചു. ഉച്ചക്ക് ശേഷം പിണറായി, പാനൂര്‍, തലശേരി മേഖലകളിലും സംഘം സന്ദര്‍ശനം നടത്തി. അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരമായിരുന്നു സന്ദര്‍ശനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് ഹൈക്കോടതി സിറ്റിങ്ങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സംഘാംഗമായ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്രയാദവ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് നാളെ ഗവര്‍ണറെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ അക്രമണത്തിനിരയായ ബിജെപി പ്രവര്‍ത്തകരെ നാളെ സംഘം സന്ദര്‍ശിക്കും.