അഴിമതിക്കേസിലെ പ്രതിയെ കശുവണ്ടിത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അധ്യക്ഷനാക്കാന്‍ നീക്കം
സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ഇ കാസിമിനെ നിയമിക്കാനാണ് ആലോചന
തോട്ടണ്ടി അഴിമതിക്കേസിലെ രണ്ടാം പ്രതിയെ കശുവണ്ടിത്തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡിന്‍റെ ചെയര്‍മാനാക്കാന്‍ നീക്കം. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ഇ കാസിമിനെ ചെയര്‍മാനാക്കാനാണ് ആലോചന. പാലക്കാട് നടന്ന സിഐടിയുവിന്‍റെ സംസ്ഥാന സമ്മേളനത്തില്‍ കാസിമായിരിക്കും ചെയര്‍മാനെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മീഡിയവണ്‍ എക്സ്‍ക്ലുസിവ്.
സിഐടിയു സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി എളമരം കരീം അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലാണ് കശുവണ്ടിത്തൊഴിലാളി ആശ്വാസ ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സംസ്ഥാന കമ്മിറ്റി അംഗം ഇ കാസിമിനെ നിശ്ചയിച്ചതായി പറയുന്നത്. സംഘടനാ റിപ്പോര്‍ട്ടിന്‍റെ 51-ാം പേജില്‍. കാഷ്യൂ കോര്‍പ്പറേഷനിലെ തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാം പ്രതിയാണ് ഇ കാസിം. ആരോപണ വിധേയനായ വ്യക്തിയെ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി നിയമക്കുന്നതിനെതിരെ നേരത്തെ കൊല്ലത്തെ ചില സിപിഎം നേതാക്കള്‍ സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതികള്‍ അവഗണിച്ചാണ് സിഐടിയു മുന്നോട്ടുപോകുന്നത്.
ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇ കാസിമിനെ നിയമിച്ച് ഉടന്‍ ഉത്തരവിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ക്ഷേമനിധി ബോര്‍ഡിന്‍റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇ കാസിമിനെ ശിപാര്‍ശ ചെയ്യാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. വ്യവസായ വകുപ്പിലെ നിയമനങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍ ഈ ശിപാര്‍ശ മരവിപ്പിക്കുകയായിരുന്നു.