നിരാഹാര സമരം നാലാം ദിവസത്തില്‍, തുടര്‍ സമരം തീരുമാനിക്കാന്‍ ഇന്ന് യോഗം
ഷുഹൈബ് കുടുംബ സഹായ നിധി സ്വരൂപിക്കുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് കൂട്ടത്തോടെ കണ്ണൂരിലെത്തും.
ഷുഹൈബ് വധത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് യുഡിഎഫ്. തുടര്‍ സമര പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ യുഡിഎഫ് നേതൃയോഗം ഇന്ന് കണ്ണൂരില്‍ ചേരും. ഷുഹൈബ് കുടുംബ സഹായ നിധി സ്വരൂപിക്കുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് കൂട്ടത്തോടെ കണ്ണൂരിലെത്തും.
ഷുഹൈബ് വധക്കേസില്‍ യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ സുധാകരന്‍ കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കണ്ണൂരില്‍ ചേരുന്ന യുഡിഎഫ് നേതൃയോഗം സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായുളള തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. വൈകിട്ട് മൂന്ന് മണിക്ക് കെ സുധാകരന്‍റെ സമര പന്തലിലാണ് യോഗം. ഇതിനൊപ്പം ഷുഹൈബ് കുടുംബ സഹായ നിധി സ്വരൂപിക്കുന്നതിനായി മുതിര്‍ന്ന നേതാക്കളും എംപിമാരും എംഎല്‍എമാരും ഇന്ന് കണ്ണൂരിലെത്തും. രാവിലെ 10 മണി മുതല്‍ വിവിധ മണ്ഡലങ്ങളിലായി നേതാക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് സഹായനിധി സ്വരൂപിക്കുക.
കണ്ണൂര്‍ നഗരത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് എം എം ഹസന്‍, എം ഐ ഷാനവാസ് എംപി എന്നിവര്‍ നേതൃത്വം നല്‍കും. മട്ടന്നൂരില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തലശേരി വി എം സുധീരനും കൂത്തുപറമ്പില്‍ അടൂര്‍ പ്രകാശും ഇരിട്ടിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സഹായ നിധി സ്വരൂപിക്കാന്‍ നേതൃത്വം നല്‍കും.