ഭൂമിയുടെ ക്രയവിക്രയ അവകാശം സര്‍ക്കാര്‍ തടഞ്ഞു 400ഓളം കുടുംബങ്ങള്‍ പ്രതിസന്ധിയില്‍
പുതുപ്പാടിയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ഒരു കമ്പനിയും സര്‍ക്കാരും തമ്മില്‍ മിച്ചഭൂമി കേസ് നടക്കുന്നത് ചൂണ്ടിക്കാണിച്ചാണ് ക്രയവിക്രയ നടപടികള്‍ റവന്യൂവകുപ്പ് തടഞ്ഞത്.
കൈവശഭൂമിയുടെ ക്രയവിക്രയത്തിനുള്ള അവകാശം സര്‍ക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് കോഴിക്കോട് പുതുപ്പാടിയിലെ നാന്നൂറോളം കുടുംബങ്ങള്‍ പ്രതിസന്ധിയിലായി. പുതുപ്പാടിയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ഒരു കമ്പനിയും സര്‍ക്കാരും തമ്മില്‍ മിച്ചഭൂമി കേസ് നടക്കുന്നത് ചൂണ്ടിക്കാണിച്ചാണ് ക്രയവിക്രയ നടപടികള്‍ റവന്യൂവകുപ്പ് തടഞ്ഞത്. അത്യാവശ്യത്തിന് ബാങ്ക് വായ്പക്ക് അപേക്ഷിക്കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബങ്ങള്‍.
മൂന്ന് പതിറ്റാണ്ട് മുന്‍പ് പുതുപ്പാടിയില്‍ പ്രവര്‍ത്തിച്ചിരുന്ന അമാല്‍ഗമേറ്റഡ് എസ്‌റ്റേറ്റും സര്‍ക്കാരും തമ്മില്‍ ഒരു മിച്ചഭൂമി കേസ് താലൂക്ക് ലാന്‍ഡ് ബോര്‍ഡില്‍ നടക്കുന്നുണ്ട്. ഈ പ്രദേശത്തെ ആരുടെ കൈവശവും മിച്ചഭൂമി ഉണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടി നാനൂറോളം പേരുടെ ഭൂമി ക്രയവിക്രയം 2008 ലാണ് സര്‍ക്കാര്‍ തടഞ്ഞത്. വിവാഹം, വിദ്യാഭ്യാസം, കടബാധ്യത തുടങ്ങിയ അത്യാവശ്യങ്ങള്‍ക്ക് ഭൂമി കൈമാറ്റം നടത്തുന്നതിന് 2010 ല്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇതും അനുവദിക്കുന്നില്ല.
അടിയന്തര ആവശ്യങ്ങള്‍ക്കായി ഭൂമി വില്‍ക്കാന്‍ അനുമതി തേടി 70 പേരുടെ അപേക്ഷ ഇപ്പോള്‍ കോഴിക്കോട് ആര്‍ഡിഒയുടെ പരിഗണനയിലുണ്ട്. ഈ അപേക്ഷ സംബന്ധിച്ച് ഭൂവുടമകള്‍ അന്വേഷിക്കുമ്പോള്‍ വ്യക്തമായ മറുപടി പോലും ബന്ധപ്പെട്ടവര്‍ നല്‍കുന്നില്ല. അമാല്‍ഗമേറ്റഡ് കമ്പനിയും സര്‍ക്കാരും തമ്മിലുള്ള കേസ് ആരംഭിക്കുന്നത് 1990 ലാണ്. കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും കേസ് അവസാനിക്കാത്തതിനാല്‍ കാത്തിരുന്നിട്ട് എന്ത് കാര്യമെന്ന ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്.