ബാബുവിനെതിരായ വിജിലന്‍സ് നീക്കത്തെ പ്രതിരോധിച്ച് യുഡിഎഫ്
സര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിക്കണമെന്ന് നിലപാടിലേക്ക് യുഡിഎഫ് നേതാക്കള്‍ പിന്നീട് എത്തുകയായിരുന്നു
കെ ബാബുവിനെതിരെ വിജിലന്‍സ് നീക്കത്തെ പ്രതിരോധിച്ച് യുഡിഎഫ്. സര്‍ക്കാര്‍ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആരോപിച്ചു. സര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടുമെന്നും യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.
ബാര്‍കോഴക്കേസില്‍ തുടരന്വേഷണം സമ്പാദിച്ചതിന് പിന്നാലെ കെ എം മാണിക്കെതിരെ രണ്ട് കേസുകളില്‍ കൂടി വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് കെ ബാബുവിനെതിരെയും വിജിലന്‍സ് നടപടി തുടങ്ങിയത്.
മാണി യുഡിഫ് വിട്ട പശ്ചാത്തലം കൂടി ഉണ്ടായിരുന്നതിനാല്‍ യുഡിഎഫ് നേതാക്കള്‍ അന്വേഷണം അതിന്റെ വഴിയില്‍ നടക്കട്ടെയെന്ന നിലപാടാണ് എടുത്തിരുന്നത്. കെ ബാബുവിന്റെ വിട്ടിലെ റെയ്ഡ് തുടങ്ങിയ ഉടനെ മാധ്യമങ്ങള്‍ സമീപിച്ചിരുന്നെങ്കിലും നേതാക്കള്‍ പ്രതികരിച്ചിരുന്നില്ല.
എന്നാല്‍ സര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിക്കണമെന്ന് നിലപാടിലേക്ക് യുഡിഎഫ് നേതാക്കള്‍ പിന്നീട് എത്തുകയായിരുന്നു. സര്‍ക്കാര്‍ നീക്കം രാഷ്ട്രീയ പകപോക്കലാണെന്ന് പ്രതിപക്ഷ നേതാവ് മൂവാറ്റുപുഴയില്‍ പറഞ്ഞു. കെ ബാബുവിനെതിരായ നീക്കത്തെ ദുരുദ്ദേശപരമെന്ന് പറഞ്ഞ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെ എം മാണിയെയും പിന്തുണച്ചു. അന്വേഷണത്തില്‍ നിരപരാധിത്വം തെളിഞ്ഞ മാണിയെ വീണ്ടും കുടുക്കാന്‍ ശ്രമിക്കുന്നത് സര്‍ക്കാരിന് തന്നെ തിരിച്ചടിയാകുമെന്നും ഉമ്മന്‍ചാണ്ടി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
കെ പി സി സി വൈസ് പ്രസിഡന്‍റ് എം എം ഹസനും സമാനമായ രീതിയിലാണ് പ്രതികരിച്ചത്. സര്‍ക്കാര്‍ നീക്കത്തെ നിയപരമായി നേരിടാനുള്ള വഴികളും യുഡിഎഫ് നേതാക്കള്‍ ആലോചിക്കുന്നുണ്ട്.