പമ്പ വരളുന്നു; പള്ളിയോടങ്ങളില്‍ പലതും കരയിലായി
സംരക്ഷണ പദ്ധതികള്‍ കടലാസിലൊതുങ്ങി
കേരളത്തിലെ മൂന്നാമത്തെ വലിയ നദിയായ പമ്പ വരള്‍ച്ചയുടെ പിടിയില്‍. ആറന്മുള ഉതൃട്ടാതി ജലമേള കഴിഞ്ഞ് രണ്ട് ദിവസം മാത്രം പിന്നിടുമ്പോള്‍ ജലത്തില്‍ നിര്‍ത്തിയിട്ടിരുന്ന പള്ളിയോടങ്ങളില്‍ പലതും കരയിലായി. ക്രമാതീതമായ മലിനീകരണവും കയ്യേറ്റങ്ങളും പമ്പാനദിയുടെ ജീവനെടുക്കുകയാണ്.
നദിയില്‍ പലയിടത്തും വലിയ കരകള്‍ ഇതിനകം രൂപപ്പെട്ട് കഴിഞ്ഞു. ജലവിതാനം ക്രമാതീതമായി താഴ്ന്നത് ആറന്മുള ജലോത്സവത്തെ പ്രതിസന്ധിയിലാക്കുന്ന സ്ഥിതിയുണ്ടായിരുന്നു. പമ്പയാറില്‍ ആവശ്യത്തിന് ജലമില്ലാതിരുന്നതിനാല്‍ അയിരൂരില്‍ നടത്താനിരുന്ന പ്രാദേശിക വള്ളംകളി തടസപ്പെടുകയും ചെയ്തു. മൂഴിയാര്‍ കക്കാട് പദ്ധതികളില്‍ കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചും മണിയാര്‍ ഡാം തുറന്ന് വിട്ട് ആവശ്യത്തിന് ജലമെത്തിച്ചുമാണ് പ്രതിസന്ധി പരിഹരിച്ചത്. പമ്പാ ആക്ഷന്‍ പ്ലാന്‍, ശബരിമല മാസ്റ്റര്‍ പ്ലാന്‍, കുട്ടനാട് പാക്കേജ്, കൈവഴികളുടെ നവീകരണ പദ്ധതി തുടങ്ങി പമ്പയുടെ പുനരുജ്ജീവനത്തിനുതകുന്ന പദ്ധതികള്‍ പലതുണ്ടായെങ്കിലും എല്ലാം കടലാസില്‍ മാത്രം ഒതുങ്ങി.
ഗംഗാ ആക്ഷന്‍ പ്ലാന്‍ മാതൃകയില്‍ പുതിയ പമ്പാരക്ഷാ പാക്കേജിനായി പഠനം നടക്കുന്നുണ്ടെങ്കിലും അതും ഇതുവരെ എങ്ങുമെത്തിയിട്ടില്ല.