സെബാസ്റ്റ്യന്‍ പോളിനും ദിനേശ് മണിക്കുമെതിരെ പോസ്റ്ററും ലഘുലേഖയും
തൃക്കാക്കര, തൃപ്പുണിത്തുറ മണ്ഡലങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
സെബാസ്റ്റ്യന്‍ പോളിനും ദിനേശ് മണിക്കുമെതിരെ തൃക്കാക്കര, തൃപ്പുണിത്തുറ മണ്ഡലങ്ങളില്‍ പോസ്റ്ററുകളും ലഘുലേഖകളും. അഴിമതിക്കാരനായ ദിനേശ് മണിയെ സ്ഥാനാര്‍ത്ഥിയാക്കുന്നത് കെ ബാബുവിനെ സഹായിക്കാനാണെന്ന് ലഘുലേഖയില്‍ കുറ്റപ്പെടുത്തുന്നു. വിവാദ വ്യവസായിയായ വിഎം. രാധാകൃഷ്ണനും ഇപി ജയരാജനും തമ്മിലുള്ള സാമ്പത്തിക കൂട്ടുകെട്ടിന്റെ ഫലമാണ് സെബാസ്റ്റ്യന്‍ പോളിന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും ലഘുലേഖയില്‍ ആരോപണമുണ്ട്.
തൃപ്പൂണിത്തുറ, തൃക്കാക്കര മണ്ഡലം കമ്മറ്റി യോഗങ്ങളില്‍ ഇരുവരുടേയും സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് രൂക്ഷവിമര്‍ശം ഉയര്‍ന്നതിന് പിന്നാലെയാണ് പോസ്റ്ററുകളും ലഘുലേഖകളും പ്രത്യക്ഷപ്പെട്ടത്. മേയറായിരിക്കുമ്പോഴും പള്ളുരുത്തി എംഎല്‍എ ആയിരിക്കുമ്പോഴും നിരവധി അഴിമതികള്‍ നടത്തിയ നേതാവാണ് ദിനേശ് മണിയെന്ന് ലഘുലേഖയില്‍ കുറ്റപ്പെടുത്തുന്നു. ഇടക്കൊച്ചിയില്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടും ബ്രഹ്മപുരം മാലിന്യപ്ലാന്റ് ഇടപാടിലും ദിനേശ് മണി അഴിമതികാട്ടി. മണ്ഡലത്തിലെ വിഎസ് പക്ഷനേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ചുക്കാന്‍ വലിച്ച ദിനേശ്മണിയെ തൃപ്പൂണിത്തുറക്കാര്‍ മറന്നിട്ടില്ലെന്നും പോസ്റ്ററുകളിലുണ്ട്.
തൃക്കാക്കരയില്‍ സെബാസ്റ്റ്യന്‍ പോളിനെ സ്ഥാനാര്‍ഥിയാക്കിയത് വിവാദവ്യവസായി ചാക്ക് രാധാകൃഷ്ണനും ഇപി ജയരാജനും തമ്മിലുള്ള അവിശുദ്ധ സാമ്പത്തിക കൂട്ടുകെട്ടിന്റെ ഫലമായാണെന്നും ലഘുലേഖയില്‍ ആരോപിക്കുന്നു. എംഎല്‍എ ആയിരുന്നപ്പോഴും എംപി ആയിരുന്നപ്പോഴും മണ്ഡലത്തില്‍ യാതൊരുവിധ വികസനവും നടപ്പിലാക്കാത്ത സെബാസ്റ്റ്യന്‍ പോള്‍ പൊതുജനങ്ങളോട് മോശമായി പെരുമാറുന്നയാളാണെന്നും കുറ്റപ്പെടുത്തുന്നു. ബെന്നി ബെഹന്നാനെതിരെ സരിതയെ മത്സരിപ്പിക്കുന്നതാണ് ഇതിലും നല്ലതെന്നും ലഘുലേഖയില്‍ പറയുന്നു. ഇപി ജയരാജന്‍ പാര്‍ട്ടിയിലെ റിയല്‍ എസ്റ്റേറ്റ് രാജാവാണെന്നും ആരോപണമുണ്ട്.