ശബരിമല വിമാനത്താവള പദ്ധതിക്ക് കോട്ടയത്തെ എസ്‌റ്റേറ്റുകള്‍ പരിഗണനയില്‍
പ്രധാന പരിഗണനയില്‍ ഉണ്ടായിരുന്ന ചെറുവള്ളി എസ്‌റ്റേറ്റിന് പുറമെ എരുമേലിയിലെ പ്രപ്പോസ്, മുണ്ടക്കയം പഞ്ചായത്തിലെ വെള്ളനാടി എന്നിവടങ്ങളിലും സംഘം പരിശോധന നടത്തി.
ശബരിമല വിമാനത്താവളത്തിനായി കോട്ടയം ജില്ലയിലെ എസ്‌റ്റേറ്റുകള്‍ പ്രധാന പരിഗണനയില്‍. സ്ഥലം പരിശോധിക്കാന്‍ നിയോഗിച്ച സമിതി ജില്ലയില്‍ വിശദമായ പരിശോധന നടത്തി. ചെറുവള്ളി അടക്കമുള്ള ജില്ലയിലെ എസ്‌റ്റേറ്റുകളില്‍ നടത്തിയ പരിശോധനയില്‍ തൃപ്തി അറിയിച്ചതായാണ് സൂചന. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിന് കൈമാറും.
റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍, കെ.എസ്.ഐ.ഡി.സി എം.ഡി ഡോ.എം.ബീന, കോട്ടയം ജില്ലാ കളക്ടര്‍ സി.എ.ലത എന്നിവരടങ്ങുന്ന സമിതിയാണ് ജില്ലയിലെ വിവിധ എസ്‌റ്റേറ്റുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. പ്രധാന പരിഗണനയില്‍ ഉണ്ടായിരുന്ന ചെറുവള്ളി എസ്‌റ്റേറ്റിന് പുറമെ എരുമേലിയിലെ പ്രപ്പോസ്, മുണ്ടക്കയം പഞ്ചായത്തിലെ വെള്ളനാടി എന്നിവടങ്ങളിലും സംഘം പരിശോധന നടത്തി.
പരിശോധന റിപ്പോര്‍ട്ട് ഈ ആഴ്ച്ച അവസാനം സര്‍ക്കാരിന് സമര്‍പ്പിക്കുവാനാണ് സമതിയുടെ തീരുമാനം. നേരത്തെ പത്തനംതിട്ടയിലെ ളാഹ കുമ്പഴ എസ്‌റ്റേറ്റുകളിലും സംഘം പരിശോധന നടത്തിയിരുന്നു. വിമാനത്താവളത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്‌റ്റേറ്റ് തന്നെയാണെന്നാണ് സമിതിയുടേയും വിലയിരുത്തല്‍. ഭൂമി നിരപ്പാക്കല്‍ മുതല്‍ കുടിയൊഴിപ്പിക്കല്‍ വരെ ഇവിടെ പ്രതിസന്ധിയാകില്ലെന്നാണ് കണക്ക് കൂട്ടുന്നത്.
എന്നാല്‍ ഈ സ്ഥലവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന റവന്യു തര്‍ക്കം ചില തടസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്തായാലും റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ കെ.എസ്.ഐ.ഡി.സി നിയോഗിക്കുന്ന കണ്‍സല്‍ട്ടന്റ് സ്ഥാപനം പരിസ്ഥിതി ആഘാത പടനം അടക്കം ആരംഭിക്കും.