'ടി പിയെ കൊന്നിട്ട് എന്ത് നേടി?' ചോദ്യമുയര്‍ത്തി ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍ ജി ശക്തിധരന്‍
സിപിഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ പിണറായി വിജയന്‍ അല്ലായിരുന്നുവെങ്കില്‍ ടി പിക്ക് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്നും പിണറായി വിജയന്‍ ഭീരുക്കളില്‍ ഭീരുവാണെന്നും...
ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകം സമീപകാല കേരളം കണ്ട രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. ഇന്നലെയായിരുന്നു ടി പിയുടെ അഞ്ചാം രക്തസാക്ഷിദിനം. 'ടി പി ചന്ദ്രശേഖരനെ കൊന്നിട്ട് എന്ത് നേടി' എന്ന ചോദ്യമുയര്‍ത്തി ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്ററായ ജി ശക്തിധരന്‍ ഇന്നലെയിട്ട ഫെയ്‌സ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുകയാണ്.
അഴിക്കോടന്‍ രാഘവന്‍ കൊലചെയ്യപ്പെട്ട ശേഷം കേരളത്തെ നടുക്കിയ ഏറ്റവും മൃഗീയമായ കൊലയാണിത്. ജീവിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ അഴിക്കോടന്‍ രാഘവനെപ്പോലെയോ അതിനപ്പുറമോ സംഘടനാപാടവമുള്ള ഒരു നേതാവാകുമായിരുന്നു ടിപി. ഒരു ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പായിരുന്നു ടിപി എന്ന രണ്ടക്ഷരമെന്നും പറഞ്ഞാണ് ശക്തിധരന്‍ തന്റെ പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്.
പോസ്റ്റില്‍ പിണറായി വിജയനെയും പ്രകാശ് കാരാട്ടിനെയും അദ്ദേഹം കടന്നാക്രമിക്കുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ പിണറായി വിജയന്‍ അല്ലായിരുന്നുവെങ്കില്‍ ടി പി ചന്ദ്രശേഖരന് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്നും പ്രകാശ് കാരാട്ട് അല്ലാതെ മറ്റാരെങ്കിലും സിപിഎം ജനറല്‍ സെക്രട്ടറി പദവിയില്‍ ഉണ്ടായിരുന്നെങ്കില്‍ ഈ ആരും കൊല ആസൂത്രണം ചെയ്തത ആരും ഇന്ന് പാര്‍ട്ടിയില്‍ ഉണ്ടാകുമായിരുന്നില്ലെന്നും ജി ശക്തിധരന്‍ തന്റെ പോസ്റ്റില്‍ പറയുന്നു. സിപിഎം പലവട്ടം ഭീഷണിപ്പെടുത്തിയിട്ടും ഭയന്ന് മാളത്തില്‍ ഒളിക്കാന്‍ കൂസാത്തതാണ് ടി പി ചെയ്ത തെറ്റെന്ന് പറഞ്ഞ്, അങ്ങനെയെങ്കില്‍ പിണറായി വിജയന്‍ ഭീരുക്കളില്‍ ഭീരുവാണെന്നും താരതമ്യം ചെയ്തിരിക്കുന്നു.
ജി ശക്തിധരന്‍
തന്റെ പോസ്റ്റുകളിലൂടനീളം ടിപിയെ കൊന്നിട്ട് പാര്‍ട്ടി എന്ത് നേടി എന്ന ചോദ്യം അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതിന് ഉത്തരം പറയേണ്ടത് പിണറായി വിജയനാണ് എന്നും അദ്ദേഹം പറയുന്നു. എത്ര വൈകിയാലും ആ കുറ്റവാളി പിടിക്കപ്പെടും എന്നതാണ് നക്സലൈറ്റ് നേതാവ് വര്‍ഗീസിന്റെ കൊലപാതകം നല്‍കുന്ന പാഠമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. വി എസ് ഒഴികെയുള്ള കമ്യൂണിസ്റ്റുകാരുടെ മനുഷ്യത്വം എങ്ങനെയാണ് ഇത്രത്തോളം മരവിച്ച് പോയത്. ആരെയാണ് ഇത്രയും പാരമ്പര്യമുള്ള കമ്യൂണിസ്റ്റുകാര്‍ ഭയപ്പെടുന്നത്- അദ്ദേഹം ചോദിക്കുന്നു.
സ്ഫടികം പോലെ പരിശുദ്ധയായ ഒരു കമ്മ്യുണിസ്റ്റുകാരിയുടെ ചുടു കണ്ണീരിനു ഈ കരിംഭൂതങ്ങളെ ഭസ്മമാക്കാനുള്ള കരുത്തുണ്ട് എന്ന് ഓര്‍ക്കുകയെന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.