ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കല്‍ സ്തംഭനത്തില്‍
റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ അമിത സാങ്കേതികത്വത്തോടൊപ്പം വെബ്സൈറ്റ് പൂര്‍ണമായി പ്രവര്‍ത്തന ക്ഷമമാകാത്തതും പ്രശ്നമാകുന്നു...
വ്യാപാരികളുടെ ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കല്‍ സ്തംഭനത്തില്‍. നവംബര്‍ ആയിട്ടും ജൂലൈയിലെ റിട്ടേണ്‍ സമര്‍പ്പണം പോലും പൂര്‍ത്തിയായില്ല. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ അമിത സാങ്കേതികത്വത്തോടൊപ്പം വെബ്സൈറ്റ് പൂര്‍ണമായി പ്രവര്‍ത്തന ക്ഷമമാകാത്തതും പ്രശ്നമാകുന്നു. പിഴ അടക്കേണ്ടിവരുന്നതും പതിവായി.
വിപണിയിലുണ്ടായ പ്രതിസന്ധിക്കൊപ്പം നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ പ്രശ്നങ്ങളും ജിഎസ്ടിയെ വ്യാപാരികളുടെ പേടി സ്വപ്നമാക്കുന്നു. മാസത്തില്‍ ഒരു റിട്ടേണ്‍ സമര്‍പ്പിക്കേണ്ടിടത്ത് ഇപ്പോള്‍ സമര്‍പ്പിക്കേണ്ടത് നാല് റിട്ടേണാണ്. 3 ബി എന്ന താല്ക്കാലിക റിട്ടേണ്‍ നികുതി അടക്കുന്നതിനൊപ്പം സമര്‍പ്പിക്കണം. പിന്നെ ഒന്ന് രണ്ട് മൂന്ന് എന്നിങ്ങനെ പ്രത്യേക റിട്ടേണുകളും. രണ്ടാം റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം നവംബര്‍ 30 വരെ നീട്ടി. അതായത് ജൂലൈയിലെ റിട്ടേണ്‍ സമര്‍പ്പിച്ച് പൂര്‍ത്തിയാകാന്‍ ഡിസംബര്‍ കഴിയുന്നത് വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നര്‍ഥം.
വ്യാപാരിക്ക് വില്‍പന സ്വന്തമായി അപ് ലോഡ് ചെയ്യാമെങ്കിലും വാങ്ങല്‍ മൊത്തകച്ചവടക്കാരുടെ സമര്‍പ്പണത്തിന്‍റെ ഭാഗമായി വരേണ്ടതാണ്. അവര്‍ അപ്ലോഡ് ചെയ്യാന്‍ വീഴ്ച വരുത്തിയാലോ ബില്ല് അംഗീകരിച്ചില്ലെങ്കിലോ റിട്ടേണ്‍ സമര്‍പ്പിക്കല്‍ തടസപ്പെടും.
തന്‍റേതായ കാരണത്താല്‍ റിട്ടേണ്‍ സമര്‍പ്പണം വൈകിയാല്‍ പിഴ ഈടാക്കുകയും ചെയ്യും. നികുതി അടക്കേണ്ടാത്തവര്‍ തന്നെ അയ്യായിരവും പതിനായിരവും പിഴയടച്ച സംഭവങ്ങളുമുണ്ട്. റിവേഴ്സ് ചാര്‍ജ് ഉള്‍പ്പെടെ ഒളിച്ചിരിക്കുന്ന പ്രശ്നങ്ങള്‍ വേറെയും. ഈ പ്രശ്നങ്ങളോടൊപ്പം വെബ്സൈറ്റ് തകരാറിലാകുക കൂടി ചെയ്യുന്നതോടെ റിട്ടേണ്‍ സമര്‍പ്പണം സങ്കീര്‍ണമാകുന്നു. നികുതി സമര്‍പ്പണം ലളിതമാക്കണമെന്നാവശ്യപ്പെട്ട് ടാക്സ് പ്രക്ടീഷനര്‍മാര്‍ ഇന്ന് സൂചനാ പണിമുടക്കിലുമാണ്.