അനാഥാലയങ്ങളെ ഏറ്റെടുക്കാനായി ബലപ്രയോഗമോ ,പ്രേരണയോ പാടില്ലെന്ന് കോടതി
അനാഥാലയങ്ങളില്‍ ബാലനീതി നിയമം അടിച്ചേല്‍പിക്കാനാവില്ലെന്ന് വ്യക്തമാക്കിയ വിധിയിലാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം
സർക്കാർ സഹായമില്ലാതെ പ്രവർത്തിക്കുന്ന അനാഥാലയങ്ങളോട് നിശ്ചിത അളവിൽ കാരുണ്യ പ്രവർത്തനം നടത്തണമെന്ന് നിർബന്ധിക്കാനാവില്ലെന്ന് ഹൈക്കോടതി. കാരുണ്യ പ്രവർത്തനത്തിനുള്ള പ്രേരണ മനുഷ്യന്റെ മനസിൽ നിന്നുണ്ടാകുന്നതാണ്. ഇത് ബലം പ്രയോഗിച്ചോ യാചിച്ചോ നടപ്പാക്കേണ്ട ഒന്നല്ല. അനാഥാലയങ്ങളില്‍ ബാലനീതി നിയമം അടിച്ചേല്‍പിക്കാനാവില്ലെന്ന് വ്യക്തമാക്കിയ വിധിയിലാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം.
അനാഥാലയങ്ങളെ ഏറ്റെടുക്കാനായി ബലപ്രയോഗമോ പ്രേരണയോ പ്രകോപനമോ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സർക്കാറാണ് സ്ഥാപനങ്ങൾക്ക് ആവശ്യമായ നിലവാരം ഒരുക്കി നൽകേണ്ടത്. കരുതലും സംരക്ഷണവും വേണ്ട കുട്ടികള്‍ക്ക് നൽകുന്ന ആനുകൂല്യങ്ങൾ നിയമ നടപടികൾക്ക് വിധേയരായ കുട്ടികള്‍ക്ക് നല്‍കുന്നതിനേക്കാൾ കുറവാകരുതെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാർ സഹായം ലഭിക്കാത്ത സ്ഥാപനങ്ങളിൽ മതിയായ സൗകര്യങ്ങളില്ലെന്ന് പറഞ്ഞ് അവക്ക് രജിസ്ട്രേഷന്‍ നിഷേധിക്കരുത്. ബാലനീതി നിയമ പ്രകാരം വ്യവസ്ഥകൾ നടപ്പാക്കാൻ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി മാത്രം നിലനിൽക്കുന്ന സ്ഥാപനങ്ങൾക്ക് ബാധ്യതയില്ല. ഓര്‍ഫനേജ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ മാനേജ്‌മെൻറുകൾക്ക് മുകളിൽ ബാലനീതി ചട്ടപ്രകാരമുള്ള മാനേജ്മെന്റ് കമ്മിറ്റികളെ സ്ഥാപിക്കാനുമാവില്ല. കുട്ടികളെ അനാഥാലയങ്ങളിൽ നിന്ന് സർക്കാരിന് ഏറ്റെടുക്കുന്നതിൽ നിയമതടസമില്ല.