സജി ബഷീറിനെ കെല്‍പാം എംഡി സ്ഥാനത്ത് നിന്ന് നീക്കി
വ്യവസായ മന്ത്രി എ സി മൊയ്തീന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
സജി ബഷീറിനെ കെല്‍പാം എംഡി സ്ഥാനത്ത് നിന്ന് പുറത്താക്കി. ഗുരുതര സാമ്പത്തിക ആരോപണങ്ങളില്‍പ്പെട്ടയാളെ പൊതുമേഖലാ സ്ഥാപനത്തിന്‍റെ മേധാവിയാക്കാന്‍ കഴിയില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. സജി ബഷീര്‍ സിഡ്കോയുടെ സ്ഥിരം എംഡി ആയിരുന്നില്ലെന്നും വ്യവസായമന്ത്രി അറിയിച്ചു
5 വിജിലന്‍സ് കേസുകളും 28 ക്വിക്ക് വെരിഫിക്കേഷനും നേരിടുന്ന സജി ബഷീര്‍ ഹൈകോടതി ഉത്തരവിന്‍റെ മറവിലാണ് വീണ്ടും പൊതുമേഖലാ സ്ഥാപനമായ കെല്‍പാം എംഡി ആയി നിയമനം നേടിയത്. സജി ബഷീറിന്‍റെ നിയമനത്തിലേക്ക് നയിച്ചതില്‍ വഴിവിട്ട നീക്കങ്ങളുണ്ടായെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വ്യവസായമന്ത്രി മുഴുവന്‍ ഫയലുകളും വിളിച്ചുവരുത്തി. പൊതുമേഖലാ മേധാവി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സജി ബഷീറിനെ പുറത്താക്കാന്‍ വ്യവസായമന്ത്രി നിര്‍ദേശം നല്‍കിയത്.
സിഡ്കോയുടെ സ്ഥിരം എംഡിയായി നിയമിക്കപ്പെട്ടയാളാണ് താനെന്ന ഉത്തരവ് ഹൈകോടതിയില്‍ കാണിച്ചാണ് സജി ബഷീര്‍ അനുകൂല ഉത്തരവ് സമ്പാദിച്ചത്. ആ വാദം ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഹാന്‍ഡിക്രാഫ്റ്റ് എംഡി എന്‍ കെ മനോജിന് കെല്‍പാമിന്‍റെ അധിക ചുമതല നല്‍കി ഉത്തരവും ഇറങ്ങി.