നാടകാചാര്യന്‍ കാവാലത്തിന് അന്ത്യാഞ്ജലി; സംസ്കാരം നാളെ
സംസ്കാരചടങ്ങുകള്‍ നാളെ വൈകീട്ട് നാലിന് കാവാലത്ത് നടക്കും.
പ്രശസ്ത നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ (88) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം തൃക്കണാപുരത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരചടങ്ങുകള്‍ നാളെ വൈകീട്ട് നാലിന് കാവാലത്ത് നടക്കും.
ആലപ്പുഴ ജില്ലയിലെ കാവാലത്ത് ഗോദവര്‍മ്മയുടെയും കുഞ്ഞു ലക്ഷ്മിയുടെയും മകനായി 1928 ലായിരുന്നു കാവാലം നാരായണപ്പണിക്കരുടെ ജനനം. കേരളാ സര്‍വകലാശാലയില്‍ നിന്ന് ബിഎ ബിരുദവും മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് നിയമ ബിരുദവും നേടി. 1955 മുതല്‍ 61 വരെ ആലപ്പുഴയില്‍ വക്കീലായി പ്രാക്ടീസ് ചെയ്തു. ചെറുപ്പത്തിലേ കവിതാരചനയില്‍ താത്പര്യമുണ്ടായിരുന്നു. 1964ലാണ് കവിതയില്‍ നിന്നും നാടകത്തിലേക്ക് ചുവടുറപ്പിക്കുന്നത്. 1974ല്‍ തിരുവരങ്ങ് നാടക സംഘത്തിന് രൂ പം നല്‍കി. അവനവന്‍ കടമ്പയാണ് തിരുവരങ്ങ് ആദ്യം അവതരിപ്പിച്ച നാടകം. 1980ല്‍ സോപാനം എന്ന രംഗകലാഗവേഷണകേന്ദ്രം ആരംഭിച്ചു. തിരുവാഴിത്താന്‍, കരിങ്കുട്ടി, ദൈവത്താര്‍ തുടങ്ങി നിരവധി നാടകങ്ങള്‍ രചിച്ചു. ഭാരതീയ നാടകപ്രസ്ഥാനത്തിന്റെ തനതുഭാവങ്ങളും രൂപങ്ങളും ലോകത്തിനു പരിചയപ്പെടുത്തുന്നതില്‍ കാവാലം നിര്‍ണായക പങ്കുവഹിച്ചു. 1984ല്‍ കര്‍ണഭാരം എന്ന സംസ്കൃതനാടകം ഒരുക്കി. 2001ല്‍ മോഹന്‍ലാല്‍ ആ നാടകത്തില്‍ അഭിനയിച്ചതോടെ കര്‍ണഭാരത്തിന് താരപദവി കൈവന്നു.
ചലച്ചിത്രഗാന രചനയിലും കാവാലം സജീവമായിരുന്നു. 1978 ല്‍ രതിനിര്‍വ്വേദം എന്ന സിനിമയ്ക്കു വേണ്ടി ഗാനങ്ങള്‍ എഴുതിക്കൊണ്ട് സിനിമാ രംഗത്തെത്തി. തുടര്‍ന്ന് വാടകയ്ക്കൊരു ഹൃദയം, തമ്പ്, കുമ്മാട്ടി, തമ്പുരാട്ടി ഉള്‍പ്പെടെ നാല്‍പതിലേറെ സിനിമകള്‍ക്ക് ഗാനരചന നടത്തി. 1978 ലും 1982 ലും മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 1975ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരവും 1983ല്‍ സംഗീത നാടക അക്കാദമി പുരസ്കാരവും 2002ല്‍ ഫെലോഷിപ്പും ലഭിച്ചു. 2007ല്‍ ഭാരതം പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നാടകകൃത്ത്, നാടക സംവിധായകന്‍, കവി, ചലച്ചിത്ര- ലളിതഗാന രചയിതാവ്, ഗ്രന്ഥകര്‍ത്താവ്, പ്രഭാഷകന്‍ എന്നീ നിലകളില്‍ കേരളത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ പ്രതിഭാധനനെയാണ് കാവാലത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത്.
കാവാലം നാരായണപ്പണിക്കരുടെ മൃതദേഹം അദ്ദേഹത്തിന്റെ വസതിയോട് ചേര്‍ന്നുള്ള നാടക പഠന കേന്ദ്രമായ സോപാനത്തില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ചലച്ചിത്ര മേഖലകളിലുള്ള നിരവധി പേരാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ അനുശോചിച്ചു.