ഗ്രൂപ്പ് കളി വേണ്ടെന്ന് രാഹുല്‍ ഗാന്ധി

Update: 2018-05-11 15:16 GMT
Editor : Sithara
ഗ്രൂപ്പ് കളി വേണ്ടെന്ന് രാഹുല്‍ ഗാന്ധി
Advertising

ഗ്രൂപ്പിസം അനുവദിക്കില്ല. പാര്‍ട്ടിയാണ് വലുത്. അല്ലാത്തവര്‍ പാര്‍ട്ടി വിട്ട് പോകുന്നതാണ് നല്ലതെന്നും കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് കളിക്കുന്നവര്‍ക്ക് താക്കീത് നല്‍കിയും വിഎം സുധീരനെ സംരക്ഷിച്ചും ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ രാഹുല്‍ഗാന്ധി. ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുത്. എന്നാല്‍ കേരളത്തില്‍ സംഘടനാ സംവിധാനത്തേക്കാള്‍ മുകളില്‍ ഇപ്പോള്‍ ഗ്രൂപ്പാണെന്നും രാഹുല്‍ പറഞ്ഞു. വ്യക്തികളെ ലക്ഷ്യം വെച്ച് അഭിപ്രായം പറയേണ്ടതില്ലെന്നും ‍ഡ‍ല്‍ഹിയില്‍ ചര്‍ച്ചകള്‍ക്ക് മുന്‍പ് രാഹുല്‍ നിര്‍ദേശം നല്‍കി.

എ, ഐ ഗ്രൂപ്പുകളുടെ മുതിര്‍ന്ന നേതാക്കളടക്കം 69 പേരാണ് ഇന്ന് രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച നടത്തിയത്. മുതിര്‍ന്ന നേതാക്കളായ എകെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വിഎം സുധീരന്‍ എന്നിവരെ സദസില്‍ ഇരുത്തിക്കൊണ്ടായിരുന്നു ഗ്രൂപ്പുകളിക്കെതിരെ രാഹുലിന്റെ താക്കീത്. ഗ്രൂപ്പിന് പ്രാധാന്യം നല്‍കുന്നതവര്‍ പാര്‍ട്ടിയില്‍ തുടരേണ്ടതില്ലെന്ന് പറഞ്ഞില്ലെങ്കിലും ആ ധ്വനിയോടെ തന്നെ സംസാരിച്ച രാഹുല്‍ ഇപ്പോള്‍ കേരളത്തില്‍ സംഘടനാ സംവിധാനത്തേക്കാള്‍ മുകളില്‍ ഗ്രൂപ്പുകളാണെന്നും ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ വിഎം സുധീരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ശക്തമായി ആവശ്യപ്പെടാന്‍ തീരുമാനിച്ചായിരുന്നു എ ഗ്രൂപ്പ് നേതാക്കളും ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും യോഗത്തിനെത്തിയത്. എന്നാല്‍ രാഹുലിന്റെ പ്രസ്താവനയോടെ കൂട്ടായ ചര്‍ച്ചകളില്‍ നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടില്ല.
അതേസമയം, ഒറ്റക്കൊറ്റക്കുള്ള ചര്‍ച്ചകളില്‍ സുധീരനെതിരായ നിലപാട് അറിയിച്ചതായാണ് വിവരം. ബൂത്ത് മുതല്‍ ഡിസിസി തലം വരെ ഉള്ള ജംബോ കമ്മിറ്റികള്‍ അഴിച്ചുപണിയണമെന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍ ആവശ്യപ്പെട്ട കാര്യം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News