സിപിഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ ഡല്‍ഹിയില്‍
പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് നിയമനം സംബന്ധിച്ച വിവാദങ്ങള്‍ ചര്‍ച്ചയാകും
മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് നിയമനം സംബന്ധിച്ച വിവാദങ്ങള്‍ തുടരുന്നതിനിടെ സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം നാളെ ഡല്‍ഹിയില്‍ ചേരും. ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ച വിഷയത്തില്‍ കേന്ദ്ര നേതൃത്വം വിശദീകരണം ആവശ്യപ്പെടുകയും വി.എസ് നേതൃത്വത്തിന് കത്തു നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ ഇക്കാര്യം പി.ബി യോഗത്തില്‍ ചര്‍ച്ചയായേക്കും. നിയമനം പാര്‍ട്ടിയുടെ അറിവോടെയല്ലെന്ന് കേന്ദ്ര നേതാക്കള്‍ സൂചിപ്പിയ്ക്കുമ്പോള്‍ പാര്‍ട്ടി തീരുമാനപ്രകാരമുള്ള നിയമനമാണെന്നാണ് സംസ്ഥാന സെക്രട്ടറിയും പി.ബി.അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണം.
നവ ഉദാരവത്കരണനയത്തിന്റെ വക്താവായ ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതില്‍ സി.പി.എം കേന്ദ്ര നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. നിയമനം വിവാദമായ സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദാംശങ്ങള്‍ അറിയിക്കാനാവശ്യപ്പെട്ടത്. അതിനു പുറമെ ഗീത ഗോപിനാഥിന്റെ നിലപാടുകള്‍ പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നും ദുരൂഹമായ ഈ നിയമനത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്നും കാണിച്ച് വി.എസ് അച്യുതാനന്ദന്‍ കത്തു നല്‍കിയിട്ടുണ്ട്. ഇതിനെല്ലാം ശേഷമുള്ള ആദ്യ പൊളിറ്റ് ബ്യൂറോ യോഗമായതിനാല്‍ വിഷയം യോഗത്തില്‍ ചര്‍ച്ചയാവുമെന്നാണ് സൂചന.
സി.പി.എം എതിര്‍ക്കുന്ന സാമ്പത്തിക നയത്തിന്റെ വക്താവിനെ ഉപദേഷ്ടാവാക്കിയതില്‍ കേന്ദ്ര നേതൃത്വവും പ്രതികരിയ്ക്കേണ്ടി വരുമെന്നതു കൊണ്ടാണ് ഇക്കാര്യത്തില്‍ സംസ്ഥാനത്തു നിന്ന് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നിയമനം ഉപദേഷ്ടാവ് പദവിയിലാണെങ്കിലും വിവിധ അന്താരാഷ്ട്ര ഏജന്‍സികളും മറ്റുമായി ബന്ധം പുലര്‍ത്തുന്നതിന് സഹായകമാവാനാണ് ഗീത ഗോപിനാഥിനെ നിയമിച്ചതെന്ന വിശദീകരണമായിരിയ്ക്കും പിണറായി വിജയനും സംസ്ഥാന നേതൃത്വവും പി.ബി യോഗത്തില്‍ നടത്തുക. കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ ഇതുവരെ പരസ്യമായി ഒന്നും പ്രതികരിച്ചിട്ടില്ല. പരസ്യ പ്രതികരണം പി.ബി യോഗത്തിലെ ചര്‍ച്ചയ്ക്കു ശേഷം ഉണ്ടായേക്കും.